ഇത് ഗവര്‍ണര്‍ക്കുള്ള താക്കീത്; തലസ്ഥാനം സാക്ഷ്യം വഹിച്ചത് ജന സാഗരത്തിന്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി സര്‍ക്കാരും തമ്മിലുള്ള വാക്‌പോര് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോള്‍ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധക്കൂട്ടായ്മക്ക് കേരളം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കേരളത്തിനെതിരായ നീക്കം ചെറുക്കുന്നതിനും ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുന്നതിനുമായി ഒരുലക്ഷത്തോളം പേരാണ് അനന്തപുരിയില്‍ ഇന്ന് ഒത്തുകൂടിയത്.

സര്‍വകലാശാലകളുടെ മികവ് തകര്‍ക്കുന്നതാണ് ഗവര്‍ണറുടെ നീക്കമെന്നും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ചൂണ്ടികാട്ടിയിരുന്നു. കേരളത്തിലെ വിവിധ ക്യാമ്പസുകളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവര്‍ണറുടെ കടന്നുകയറ്റത്തിനെതിരെ കൂടിയാണ് ഇന്ന് നടന്ന പ്രതിഷേധ സമരമെന്ന് ഓരോ മുദ്രാവാക്യവും വ്യക്തമാക്കുന്നു. ഗവര്‍ണറുടെ നീക്കങ്ങളെല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണങ്ങള്‍ ശക്തമാകുന്നുമുണ്ട്.

9 വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണം

15 സെനറ്റ് അംഗങ്ങളെ നീക്കം ചെയ്തു

ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളിലും ഒപ്പിട്ടിട്ടില്ല

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണത്തിനുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ തടയേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമെന്നാണ് ഇടതുമുന്നണിയുടെ പ്രചാരണം. ഗവര്‍ണര്‍ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ടാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.

ഇതെല്ലാം ഗവര്‍ണറുടെ നീക്കങ്ങളും തീരുമാനങ്ങളുമാണ്. ഇതിന്റെയെല്ലാം അനന്തരഫലമാണ് ഇന്ന് തലസ്ഥാനത്ത് നടന്ന പ്രതിഷേധ മാര്‍ച്ചും. ഈ മാര്‍ച്ചിന് വലിയ ജന സ്വീകാര്യതയാണ് ലഭിച്ചത്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തടിച്ചുകൂടിയ ജനങ്ങള്‍ രാജ്ഭവനുമിന്നില്‍ ഒത്തുചേര്‍ന്ന് ഒരു ജനസാഗരം തന്നെ തീര്‍ക്കുകയായിരുന്നു. അതിന് നഗരം മുഴുവന്‍ സാക്ഷികളാവുകയും ചെയ്തു.

ഒരുലക്ഷം പേരെ അണിനിരത്തിയുള്ള മാര്‍ച്ച് മ്യൂസിയം ജംഗ്ഷനില്‍നിന്നാണ് തുടങ്ങിയത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച സമരകേന്ദ്രങ്ങളില്‍ നിന്ന് യോജിച്ച് മുന്നോട്ടുപോയ മാര്‍ച്ച് രാജ്ഭവനെ മുദ്രാവാക്യ മുഖരിതമാക്കിയപ്പോഴും നഗരത്തെ കുരുക്കിലാക്കിയില്ല.

അച്ചടക്കം കൊണ്ടും ഐക്യം കൊണ്ടും മാതൃക തീര്‍ക്കുകയാണ് കേന്ദ്ര ഭരണ നീക്കത്തിനെതിരായ കേരളത്തിന്റെ സമര ശബ്ദമെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും. ബസ്സുകളിലും ഓട്ടോറിക്ഷകളിലും ഇരുചക്ര വാഹനങ്ങളിലും അങ്ങനെ, കൈനീട്ടിയപ്പോള്‍ നിര്‍ത്തിക്കൊടുത്ത വണ്ടികളില്‍ കയറി സാധാരണക്കാരായ മനുഷ്യര്‍ വിവിധ സമരധാരകളായി വന്ന് പ്രതിഷേധക്കൊടിയെ ഉയര്‍ത്തിപ്പറപ്പിച്ച കാഴ്ചയ്ക്കാണ് തലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്.

വാടകക്കെടുത്ത മനുഷ്യരല്ലെന്നും മുദ്രാവാക്യങ്ങളോടുള്ള യോജിപ്പില്‍ സംഘടിച്ച് എത്തിയവര്‍ ആണെന്നും ഉറച്ചുപറയുന്നവരുടെ സമര ബോധ്യം ഉയര്‍ന്നുകേട്ടു. ഗവര്‍ണറും ഇടത് സര്‍ക്കാരും തമ്മിലുള്ള വാക്‌പോര് ശക്തമാകുമ്പോഴും ഗവര്‍ണര്‍ക്ക് ഒരു മുന്നറിയിപ്പും താക്കീതും നല്‍കുന്നത് തന്നെയായിരുന്നു ഇന്നത്തെ പ്രതിഷേധ സമരം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News