ADVERTISEMENT
നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണത്തില്‍ കട്ടപ്പന മുൻ ഡിവൈ.എസ്.പി.യെ കൂടി സി ബി ഐ പ്രതി ചേർത്തു. കസ്റ്റഡിവിവരം മറച്ചു വച്ചെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ്
നടപടി.
മുൻ കട്ടപ്പന ഡി വൈ എസ് പി പി.പി. ഷംസിനെയാണ് അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർത്തത്. രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരേ വകുപ്പുതല നടപടി വേണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ നേരത്തെ ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ നടത്തിയ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഡിവൈ.എസ്.പി.യെ കൂടി പ്രതിയാക്കി അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചത്.
നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ഇടുക്കി മുന്‍ എസ്.പി. കെ.ബി. വേണുഗോപാലിനെതിരേ നടപടി വേണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാൻസ് സാമ്പത്തികത്തട്ടിപ്പു കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ 2019 ജൂൺ 21നാണു പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്. സംഭവത്തെത്തുടർന്നു നെടുങ്കണ്ടം സ്റ്റേഷനിലെ 52 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.
രാജ്കുമാറിന്റെ മരണം പൊലീസിന്റെ മർദനം മൂലമാണെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് റിപ്പോർട്ട് നൽകിയതിനെത്തുടർന്നു സർക്കാരും സിബിഐ അന്വേഷണത്തിന് ഉത്തരവിറക്കിയിരുന്നു.
മരണം ന്യുമോണിയ ബാധിച്ചാണെന്ന ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും തള്ളിയാണു പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.