K T Jaleel: അത്തര്‍ പൂശി ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ മാമാങ്കം; ഖത്തര്‍ ലോകകപ്പിനെക്കുറിച്ചുള്ള കെ ടി ജലീലിന്റെ കുറിപ്പ് ശ്രദ്ധേയം

ഖത്തറില്‍(Qatar) നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ മാമാങ്കത്തെക്കുറിച്ചുള്ള കെ ടി ജലീലിന്റെ(K T Jaleel) കുറിപ്പ് ശ്രദ്ധേയം. പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള അകലം കുറക്കാന്‍ 2022 ലെ ലോകകപ്പ് ഉപകരിച്ചേക്കുമെന്നും അറേബ്യന്‍ ജനതയെ പരിചയപ്പെടാന്‍ ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മലയാളികള്‍ക്ക് കേരളം വിട്ടാല്‍ മറ്റൊരു വീടാണ് മധ്യപൗരസ്ത്യ ദേശത്തുള്ള ഖത്തര്‍. ഇന്നോളം നടന്ന ലോകകപ്പ് ഫുട്‌ബോളിന്റെ(Football Worldcup) ചരിത്രത്തില്‍ സംഘാടകര്‍ക്കൊപ്പം അതിഥികളെ സ്വീകരിക്കാനും അവര്‍ക്ക് വഴികാട്ടാനും കളിക്കളത്തിലെ പന്തുരുളലിന് സാക്ഷികളാകാനും മലയാള സാന്നിദ്ധ്യം ഇത്രമേല്‍ ഉണ്ടാകുന്നത് ആദ്യമായാകുമെന്നും കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

അത്തര്‍ പൂശി ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ മാമാങ്കം
ലോകകപ്പ് ഫുട്‌ബോളിന് ഖത്തറില്‍ യവനിക ഉയരുമ്പോള്‍ നെറ്റി ചുളിച്ചവരുണ്ട്. ആശങ്കപ്പെട്ടവരുണ്ട്. സംശയം കൂറിയവരുണ്ട്. കുശുമ്പ് പറഞ്ഞവരുണ്ട്. കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതുമായ അപശബ്ദങ്ങളെല്ലാം അസ്ഥാനത്തെ തോന്നലുകളാണെന്ന് ലോകമേളക്ക് തിരശ്ശീല വീഴുമ്പോള്‍ ബോദ്ധ്യമാകും. എല്ലാ എതിരഭിപ്രായങ്ങളുടെയും മുനയൊടിയും. വിമര്‍ശനങ്ങള്‍ ജലരേഖകളാകും. ദോഷൈകദൃക്കുകള്‍ ഖത്തറിനെ വാഴ്ത്തും. കാല്‍പ്പന്തു മാമാങ്കത്തെ ഖത്തര്‍ ഹൃദയം കൊണ്ടാണ് വരിച്ചതെന്ന് ജനം തിരിച്ചറിയും.

ഖത്തറിന്റെ സ്‌നേഹവും സംസ്‌കാരവും മാലോകര്‍ക്ക് പരിചയപ്പെടുത്താന്‍ ലഭിച്ച അവസരം അവര്‍ പാഴാക്കില്ലെന്ന് കരുതാം. പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള അകലം കുറക്കാന്‍ 2022 ലെ ലോകകപ്പ് ഉപകരിച്ചേക്കും. അറേബ്യന്‍ ജനതയെ പരിചയപ്പെടാന്‍ ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരം മാന്യമായ പെരുമാറ്റത്തിലൂടെയും വശ്യമായ ഇടപഴകലിലൂടെയും ഖത്തറികള്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. പരസ്പരമുള്ള ഒരുപാട് തെറ്റിദ്ധാരണകള്‍ക്ക് അറുതി വരുത്താന്‍ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ വഴിവെച്ചേക്കുമെന്ന് ചുരുക്കം.

എട്ടു പുതിയ സ്റ്റേഡിയങ്ങളാണ് അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഖത്തര്‍ സജ്ജമാക്കിയിരിക്കുന്നത്. ഫുട്‌ബോളിന്റെ ചാരുത നുകരാന്‍ എത്തുന്നവര്‍ക്കായി കുറ്റമറ്റ താമസ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഖത്തറിലെ ഓരോ മണല്‍തരിയും ആതിഥേയ മര്യാദയുടെ ഔന്നിത്യം കൊണ്ട് ജനമനസ്സുകള്‍ കീഴടക്കുമെന്നാണ് വാര്‍ത്തകള്‍. വോളണ്ടിയര്‍മാര്‍ ഖത്തറിന്റെ ഓരോ മുക്കുമൂലകളിലും അതിഥികളെ വരവേല്‍ക്കാന്‍ വിന്യസിക്കപ്പെട്ടു കഴിഞ്ഞു. ലോക ഫുട്‌ബോള്‍ മഹോല്‍സവം കഴിയുന്നതോടെ താല്‍ക്കാലിക സ്റ്റേഡിയം ആഫ്രിക്കയിലേക്ക് അഴിച്ചു സ്ഥാപിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചത് അല്‍ഭുതത്തോടെയാണ് ലോകം കേട്ടത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്നോളം കേള്‍ക്കാത്ത പ്രഖ്യാപനം.
അസൂയക്കാര്‍ ഒരുപാടുണ്ട് ഖത്തറിന്. പുറമക്കാരല്ല. സ്വന്തമെന്ന് കരുതുന്നവര്‍ തന്നെ. എത്ര ഉപരോധങ്ങളെയാണ് ഖത്തര്‍ നേരിട്ടത്. ഇച്ഛാശക്തി കൊണ്ട് എല്ലാറ്റിനേയും ആ ചെറു രാജ്യം അതിജീവിച്ചു. അമീര്‍ അല്‍താനിയുടെ പാറ പോലെ ഉറച്ച നിലപാടുകള്‍ അറബ് ലോകത്ത് പുതു ചരിതം കുറിച്ചു. അതോടെ നാല്‍പ്പത്തിരണ്ടുകാരനായ ഖത്തര്‍ അമീര്‍ മിഡില്‍ ഈസ്റ്റിലെ ഫിഡല്‍ കാസ്‌ട്രോയായി മാറി.

2022 ലെ ഫുട്‌ബോള്‍ ലോകകപ്പിന് സവിശേഷതകള്‍ പലതുണ്ട്. ഭൂവിസ്തൃതിയില്‍ ഏറ്റവും ചെറിയ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പ്. ഒരുമണിക്കൂറില്‍ യാത്ര ചെയ്‌തെത്താവുന്ന എട്ട് സ്റ്റേഡിയങ്ങളൊരുക്കി കാണികള്‍ക്ക് പരമാവധി കളികള്‍ കാണാന്‍ അവസരമൊരുങ്ങുന്ന പ്രഥമ ലോകകപ്പ്. ശൈത്യകാലത്ത് സംഘടിപ്പിക്കപ്പെടുന്ന ആദ്യ വേള്‍ഡ് കപ്പ്. സമ്പൂര്‍ണ്ണ ആരോഗ്യ സംരക്ഷാ സംവിധാനങ്ങള്‍ ഒരുക്കപ്പെട്ട രാജ്യത്ത് നടക്കുന്ന പ്രഥമ ലോകകപ്പ്. അങ്ങിനെ പോകും പ്രത്യേകതകളുടെ നീണ്ട പട്ടിക!

മലയാളികള്‍ക്ക് കേരളം വിട്ടാല്‍ മറ്റൊരു വീടാണ് മധ്യപൗരസ്ത്യ ദേശത്തുള്ള ഖത്തര്‍. ഖത്തറിന്റെ രാപ്പകലുകളെ ഫുട്‌ബോള്‍ ജ്വരത്തില്‍ സജീവമാക്കുന്നവരില്‍ നല്ലൊരു ശതമാനം മലയാളികളാണെന്നാണ് വിവരം. ഇന്നോളം നടന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ സംഘാടകര്‍ക്കൊപ്പം അതിഥികളെ സ്വീകരിക്കാനും അവര്‍ക്ക് വഴികാട്ടാനും കളിക്കളത്തിലെ പന്തുരുളലിന് സാക്ഷികളാകാനും മലയാള സാന്നിദ്ധ്യം ഇത്രമേല്‍ ഉണ്ടാകുന്നത് ആദ്യമായാകും. കേരളത്തിന്റെ കാല്‍പ്പന്ത് കളിയോടുള്ള ഭ്രമം ലോകകപ്പ് സി.ഇ.ഒ നാസര്‍ അല്‍ ഖാതര്‍ മറയില്ലാതെ വ്യക്തമാക്കിക്കഴിഞ്ഞു. കൊച്ചു കേരളവും മലയാളികളുടെ ‘ഫുട്‌ബോള്‍ ഭ്രാന്തും’ലോക ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ പതിഞ്ഞത് മലയാളക്കരക്കുള്ള വലിയ അംഗീകാരമാണ്. ഒരു മാസം ആകാശ പാതകളെല്ലാം ഖത്തറിലേക്കാണ്. ‘ചലോ ടു ഖത്തര്‍’ എന്ന ബാനര്‍ വ്യോമ വഴികളിലെല്ലാം ഉയര്‍ന്നു കഴിഞ്ഞു. ഇക്കരെയിരുന്നാണ് കളി കാണുകയെങ്കിലും അക്കരെയുള്ള ഖത്തറിനും അത്തര്‍ പുരട്ടി ഖത്തറിലെത്തുന്ന കാല്‍പ്പന്തു കളിക്കും കളി കാണാന്‍ ആര്‍ത്തലച്ചെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here