ഇതിഹാസ താരം ഡീഗോ മറഡോണ(Maradona) വിടപറഞ്ഞ ശേഷമുള്ള ആദ്യ ലോകകപ്പിനാണ് ഖത്തറില്‍(Qatar World Cup) കിക്കോഫാകുന്നത്. 2020 നവംബര്‍ 25നായിരുന്നു മറഡോണയുടെ നിര്യാണം. ഡീഗോ അനശ്വരമാക്കിയ ദൈവത്തിന്റെ കൈപന്ത് ലേലത്തില്‍ പോയത് രണ്ടു ദശലക്ഷം പൗണ്ടിനാണ്.
1986 മെക്‌സിക്കോ ലോക കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്‌ളണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ ഗോളിനുള്ള വിശേഷണം മറഡോണയുടെ തലയും ദൈവത്തിന്റെ കൈകളും കൊണ്ട് നേടിയ ഗോള്‍ എന്നായിരുന്നു. ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍റ്റന്‍ അത് ‘ഹാന്‍ഡ് ഗോള്‍’ എന്ന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, അക്കാലത്ത് ഇന്നത്തേത് പോലെ ‘ വാര്‍ ‘ വീഡിയോ റഫറി അനാലിസിസ് സംവിധാനം ഒന്നുമില്ലാതിരുന്നത് കൊണ്ട് അത് ഗോള്‍ ആയി അംഗീകരിക്കപ്പെടുകയും ചെയ്തു.
തുടര്‍ന്ന് അത് അന്ന് മത്സരം നിയന്ത്രിച്ചിരുന്ന ടുണീഷ്യക്കാരന്‍ റഫറി ആലി ബിന്‍ നാസറിന്റെ സ്വകാര്യ ശേഖരത്തില്‍ ആയിരുന്നു. 36 വര്‍ഷങ്ങള്‍ക്കു ശേഷം ആ പന്ത് ലണ്ടനിലെ ആക്ഷന്‍ ഹൗസ് ഗ്രഹാം ബഡു ലേലത്തിന് വച്ചപ്പോള്‍ 2 മില്യണ്‍ പൗണ്ടിന് പേര് വെളിപ്പെടുത്താത്ത ഒരാള്‍ ലേലം കൊണ്ടു.
അഡിഡാസ് കമ്പനിയുടെ അസ്റ്റേക്ക എന്ന പേരുള്ള പന്തായിരുന്നു 1986 ലെ മെക്‌സിക്കോ ലോക കപ്പിന് ഉപയോഗിച്ചിരുന്നത്.അന്ന് മറഡോണ ഇട്ടു കളിച്ചിരുന്ന ജേഴ്‌സി കഴിഞ്ഞ മെയ് മാസത്തില്‍ ലേലത്തില്‍ പോയത് 9.3 മില്യണ്‍ ഡോളറിനായിരുന്നു. ലോകകപ്പ് ഫുട്‌ബോളിന്റെ പര്യായമായിരുന്നു മറഡോണ. അതിവേഗ നീക്കങ്ങളും പന്തടക്കവും ഡ്രിബ്ലിംഗും പാസിംഗും നൊടിയിടെ വേഗം കുറക്കുന്നതുമെല്ലാം ഈ അഞ്ചടി അഞ്ചിഞ്ചുകാരനെ മറ്റെല്ലാവരേക്കാളും മുന്നില്‍ നിര്‍ത്തി. മെക്‌സിക്കോ ലോകകപ്പിനെ മറഡോണയുടെ ലോകകപ്പായി മാറ്റിയത് 7 മത്സരങ്ങളിലെ 5 ഗോളുകളാണ്.
ഈ ലോകകപ്പിലെ 7 മത്സരങ്ങളിലായി 53 തവണയാണ് മറഡോണ ഫൗള്‍ ചെയ്യപ്പെട്ടത്. 1994ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നൈജീരിയയ്‌ക്കെതിരെയാണ് മറഡോണ തന്റെ അവസാന ലോകകപ്പ് മത്സരം കളിച്ചത്. കളിക്കാരനെന്ന നിലയില്‍ ഡീഗോയുടെ പേരില്‍ ഒത്തിരി റെക്കോര്‍ഡുകള്‍ ദേശീയ ജഴ്‌സിയില്‍ ഉണ്ട്. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ പരിശീലകനെന്ന നിലയില്‍ ദേശീയ ടീമിനെ ഡീഗോ ക്വാര്‍ട്ടറിലെത്തിച്ചിരുന്നു.
21 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും ആകെ 8 ഗോളുകളാണ് മറഡോണ നേടിയത്.2020 നവംബറില്‍ മസ്തിഷ്‌ക്ക ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അറുപതാം വയസിലായിരുന്നു മറഡോണയുടെ അന്ത്യം. നാലര പതിറ്റാണ്ടുകള്‍ക്ക് ശേഷം മറഡോണയില്ലാത്ത ആദ്യ ലോക കപ്പാണ് നവംബര്‍ 20 നു ദോഹയില്‍ ആരംഭിക്കുന്നത്. കയ്യെത്താ ദൂരത്ത് കാലിലൊരു പന്തുമായി ഓരോ ലോകകപ്പ് വേദിക്ക് മുകളിലും കാവല്‍മാലാഖയെ പോലെ ഇനിയുമെന്നുമുണ്ടാകും ഡിയേഗോ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here