Operation Kamala: ഓപ്പറേഷന്‍ കമല; തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതില്‍ കടുത്ത അതൃപ്തിയുമായി കേരളത്തിലെ ബിജെപി നേതാക്കള്‍

തെലങ്കാനയില്‍ ഓപ്പറേഷന്‍ കമലയ്ക്കായി(Operation Kamala) ബി ജെ പി(BJP) ദേശീയ നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയെ(Thushar Vellapally) നിയോഗിച്ചതില്‍ കേരളത്തിലെ ബി ജെ പി നേതാക്കള്‍ കടുത്ത അതൃപ്തിയില്‍. സംഭവത്തില്‍ തെലങ്കാന പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇരുട്ടിലായ സംസ്ഥാന നേതൃത്വം തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു.എന്നാല്‍ തുഷാറിനെ തെലങ്കാന പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതടക്കമുള്ള സംഭവങ്ങളോട് പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല.

കഴിഞ്ഞ ഏതാനും നാളുകളായി ബി ജെ പി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണ് ബി ഡി ജെ എസ് നേതാവും എന്‍ ഡി എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. ഇതിനിടെയാണ് ദേശീയ നേതൃത്വം തുഷാര്‍ വെള്ളാപ്പള്ളിയെ തെലങ്കാനയിലെ ഓപ്പറേഷന്‍ കമലയുടെ ചുമതലയേല്‍പ്പിക്കുന്നത്. ടി ആര്‍ എസ് എം എല്‍ എ മാരെ കോടികള്‍ വാഗ്ദാനം ചെയ്ത് ബി ജെ പിയിലെത്തിക്കാനുള്ള പ്രധാന ദൗത്യം തുഷാറിനെ ഏല്പിച്ചത് പക്ഷേ സംസ്ഥാന നേതൃത്വം അറിഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിനുള്ള ശക്തമായ എതിര്‍പ്പ് പ്രകടമായിരിക്കെയാണ് തെലങ്കാന പോലീസ് അന്വേഷണവുമായി കൊച്ചിയില്‍ എത്തിയത്.

മാത്രമല്ല ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് തെലങ്കാന പോലീസ് തുഷാറിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ പൂര്‍ണ്ണമായും ഇരുട്ടിലായ നേതാക്കള്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് കൊച്ചിയില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. കമ്മിറ്റിയില്‍ പങ്കെടുത്ത കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാവ് പ്രകാശ് ജാവദേക്കറിനെ ഇക്കാര്യത്തിലുള്ള അതൃപ്തി സംസ്ഥാന നേതൃത്വം അറിയിച്ചതായാണ് വിവരം.എന്നാല്‍ ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ല.

അതേസമയം, തുഷാറിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ആരോപണം.ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നും കെ സി ആര്‍ ആരോപിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട ചില വീഡിയോയും കെ സി ആര്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News