അംഗീകാരങ്ങളുടെ വിഹായസിൽ ചിറകുള്ള ചക്കി

കൊല്ലം : ഓട്ടിസം ബാധിച്ച തങ്ങളുടെ സഹപ്രവർത്തകയെ നായികയാക്കി അണിയിച്ചൊരുക്കിയ മ്യൂസിക്കൽ ആൽബത്തിന് തുടരെ അംഗീകാരങ്ങൾ തേടിയെത്തുന്നതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ കലാ രംഗത്തെ പ്രതിഭകൾ . ഓട്ടിസത്തിന്റെ പരിമിതികളെ മറികടക്കുന്നതിൽ മാതൃകയായ ശ്രീലക്ഷ്മിയെ നായികയാക്കി ചിറകുള്ള ചക്കി എന്ന സംഗീത ശില്പമാണ് ഇവർ ഒരുക്കിയത്.സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിലെ മ്യൂസിക്കൽ ആൽബം വിഭാഗത്തിൽ ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റായി ശ്രീലക്ഷ്മിയെ തിരഞ്ഞെടുത്തതാണ് അണിയറ പ്രവർത്തകർക്ക് ഇരട്ടി മധുരമായത്.

ഇരുട്ടറകളിൽ ബന്ധിക്കപ്പെടാനുള്ളതല്ല ശ്രീലക്ഷ്മിയെ പോലുള്ളവരുടെ ജീവിതമെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ചിറകുള്ള ചക്കി.
ലക്ഷകണക്കിനാളുകൾ ഇതിനകം ഈ ആൽബം കണ്ടു കഴിഞ്ഞു.
ഓട്ടിസ ബാധിതരായവർക്ക് വേണ്ടി മജീഷ്യൻ മുതുകാട് സംഘടിപ്പിച്ച മാജിക് പ്ലാനറ്റ് ഡിഫറന്റ് ആർട്ട് സെന്ററിലെ പ്രധാന കലാകാരിൽ ഒരാളാണ് ശ്രീലക്ഷ്മി. മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്ത ആൽബത്തിലെ ഒട്ടുമിക്ക അണിയറ ശില്പികളും ഇവിടുത്തെ പ്രവർത്തകരാണ്. ഭാവ വിലാസങ്ങൾ ചോരാതെയും അതിഭാവുകത്വം കലരാതെയുമുള്ള ചക്കിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിട്ടുണ്ട്.

ഭിന്നശേഷിക്കാരായ മക്കളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ വിമുഖത കാട്ടുന്ന രക്ഷിതാക്കൾക്കുള്ള സന്ദേശമാണ് ചക്കിയെ നായികയാക്കിയതിലൂടെ അണിയറ പ്രവർത്തകർ നൽകുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ച മുൻ സൈനിക ഉദ്യോഗസ്ഥനും മാജിക് പ്ലാനറ്റിന്റെ മാനേജരുമായ ബിജു രാജ് സുരേന്ദ്രനാണ് ആശയത്തിന് പിന്നിൽ. മുംബൈ എന്റർടെയ്ൻമെന്റ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഫെസ്റ്റിൽ മികച്ച സംഗീത സംവിധായകനായി ബിജു രാജിനെ തിരഞ്ഞെടുത്തിരുന്നു. കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ ബിജു രാജ് ഇന്റർ നാഷണൽ ചെസ് ആർബിട്രേറ്ററുമാണ്.

സജീവ തൊഴിലാളി സംഘടനാ പ്രവർത്തകനായ എഴുകോൺ സന്തോഷിന്റേതാണ് വരികൾ . സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗവും ഷോപ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ സന്തോഷ് രാഷ്ട്രീയക്കാരിലെ കവി എന്ന നിലയിൽ ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തീർത്തും പിന്നാക്കാവസ്ഥയിലുള്ള തൊഴിലാളി കുടുംബത്തിലുള്ള തെന്മല സ്വദേശി രജനി പ്രസാദ് എന്ന ഗായികയും ആൽബത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ആർ.ജെ.യായ പ്രിൻസ് സംവിധാനം ചെയ്ത ആൽബത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ അഞ്ചൽ വേണു, കോട്ടാത്തല ശ്രീകുമാർ, ടി.ശിഹാബുദീൻ, ശ്രീദേവി ശിവൻ, അനിൽകുമാർ, മീരാ വിജയൻ തുടങ്ങിയവരാണ്.
ഗോപിനാഥ് മുതുകാടിന്റെ ഫേസ് ബുക്ക് പേജിലും യു ട്യൂബിലും ചിറകുള്ള ചക്കി റിലീസ് ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News