ADVERTISEMENT
അപകടത്തില്‍പ്പെട്ട യുവാവിന്റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്(Apple Watch). മഹാരാഷ്ട്രയിലെ(Maharashtra) പൂനെയിലാണ്(Pune) സംഭവം. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്മിത് മേത്ത എന്ന 17കാരനായ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോകാന്‍ പദ്ധതിയിട്ടത്. ലോണാവാലയിലേക്ക് ഒരു ട്രക്കിംഗ് നടത്താന്‍ തുടര്‍ന്ന് ഇവര്‍ തീരുമാനിച്ചു.
ട്രക്കിംഗിന് ശേഷം തിരികെ വരുമ്പോഴാണ് ഒറ്റയ്ക്കായിരുന്ന സ്മിത്ത് ബാലന്‍സ് തെറ്റി താഴ്വരയില്‍ വീണ് അപകടമുണ്ടാകുന്നത്. വീണ് കിടന്ന സ്മിത് ഒരു പാറക്കഷ്ണത്തില്‍ പിടിച്ച് രക്ഷപെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. താഴ്വരയുടെ ഏതാണ്ട് അറ്റത്താണ് വീണത്. വീഴ്ചയില്‍ സ്മിത്തിന് കാലിലും കണങ്കാലിലുമടക്കം പരുക്കേല്‍ക്കുകയും ചെയ്തു.
നിര്‍ഭാഗ്യവശാല്‍ സ്മിത്ത് ട്രക്കിങിന് പോകാനിറങ്ങിയപ്പോള്‍ ഫോണ്‍ സുഹൃത്തിന്റെ ബാഗിലേക്കിട്ടിരുന്നു. ഇതോടെ ഫോണ്‍ വിളിച്ച് സുഹൃത്തുക്കളെ വിവരമറിയിക്കാനും കഴിയാതെയായി. താഴ്വരയില്‍ കുടുങ്ങിക്കിടക്കുന്ന സ്മിത്തിന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് ഒരു ആപ്പിള്‍ സീരിസ് 7 വാച്ച് മാത്രമായിരുന്നു.
സഹായത്തിനായി വിളിക്കാന്‍ സമീപത്ത് ആരുമില്ലാതിരുന്നതിനാല്‍ ഈ വാച്ച് മാത്രമേ തന്റെ രക്ഷയ്ക്കായി ഉള്ളൂ എന്ന് അവന് മനസിലായി. ‘ബില്‍റ്റ്-ഇന്‍ സെല്ലുലാര്‍ കണക്റ്റിവിറ്റിക്ക് നന്ദി’യെന്നാണ് സ്മിത്ത് രക്ഷപെട്ടതിന് ശേഷം പ്രതികരിച്ചത്. തന്റെ മാതാപിതാക്കളെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാന്‍ ആപ്പിള്‍ വാച്ച് ഉപയോഗിച്ചതാണ് സ്മിത്തിന് തുണയായത്. തുടര്‍ന്ന് മാതാപിതാക്കള്‍ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിച്ചു. ട്രക്കര്‍മാരുടെ സഹായത്തോടെ സ്മിത്തിനെ രക്ഷപെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.