ADVERTISEMENT
അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയക്കുന്നതിനു മുന്നോടിയായുള്ള ആര്‍ട്ടമിസ്1 ദൗത്യവിക്ഷേപണം വിജയകരം. ബുധനാഴ്ച ഇന്ത്യന്‍ സമയം പകല്‍ 12.18ന് ഫ്‌ളോറിഡ കെന്നഡി സ്പേയ്സ് സെന്ററില്‍നിന്ന് നാസയുടെ പടുകൂറ്റന്‍ റോക്കറ്റായ എസ്എല്‍എസാണ് ചാന്ദ്രപേടകമായ ഒറിയോണുമായി കുതിച്ചത്. വിക്ഷേപണത്തിന്റെ 20–ാം മിനിറ്റില്‍ സൗരോര്‍ജ പാനലുകള്‍ സജ്ജമായി. ദൗത്യത്തിന്റെ ഭാഗമായി 10 കുഞ്ഞന്‍ പരീക്ഷണ ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലിറക്കി. രണ്ടു വര്‍ഷത്തിനകം വനിതയടക്കമുള്ള സംഘത്തെ അയക്കാനാണ് നാസ ലക്ഷ്യമിടുന്നത്.
ഭൂമിയെ വലംവയ്ക്കുന്ന ഒറിയോണിനെ പടിപടിയായി ചന്ദ്രനെ ലക്ഷ്യമാക്കി തൊടുത്തുവിടും. 4.50 ലക്ഷം കിലോമീറ്റര്‍ താണ്ടി 21ന് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് പേടകം കടക്കും. തുടര്‍ന്ന് നിശ്ചിത ഭ്രമണപഥത്തില്‍ ചന്ദ്രനെ നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിക്കും. പ്രത്യേകിച്ച് ദക്ഷിണധ്രുവത്തെ. ഡിസംബര്‍ ഒന്നിന് ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങും. 11ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഒറിയോണിനെ നിയന്ത്രിച്ച് പസഫിക്ക് സമുദ്രത്തിലിറക്കും. മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തിലാകും തിരിച്ചിറങ്ങല്‍.
ചന്ദ്രനിലേക്കുള്ള യാത്രയുടെ സാങ്കേതികവും ജൈവപരവുമായ പരിശോധനയും പഠനവുമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം, ആശയവിനിമയം എന്നിവയെല്ലാം ഉള്‍പ്പെടും. ഓറിയോണില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍, ഇക്കുറി കാംപോസ്, ഹെല്‍ഗ, സോഹാര്‍ എന്നീ പേരുകളിലുള്ള ഡമ്മികളാണുള്ളത്. വിവിധ തരത്തിലുള്ള സെന്‍സറുകളും പരീക്ഷണ ഉപകരണങ്ങളും ഡമ്മികളിലുണ്ട്.
ഇന്ധനച്ചോര്‍ച്ചയും ചുഴലിക്കാറ്റുംമൂലം രണ്ടുതവണ വിക്ഷേപണം മാറ്റിയിരുന്നു. ബുധനാഴ്ച റഡാര്‍ തകരാര്‍മൂലം വിക്ഷേപണം 30 മിനിറ്റ് വൈകിയിരുന്നു. ആര്‍ട്ടമിസ് ദൗത്യത്തിന് 410 കോടി ഡോളറാണ് ചെലവ്. 1972 ഡിസംബറില്‍ നടന്ന അപ്പോളോ 17 ആയിരുന്നു ചന്ദ്രനിലേക്കുള്ള അവസാനത്തെ മനുഷ്യദൗത്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.