ADVERTISEMENT
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ ഐഫക്ടോയുടെ നേതൃത്വത്തിൽ ഇടത് അധ്യാപക സംഘടനകൾ പ്രതിഷേധം നടത്തി. ദില്ലിയിലെ യുജിസി ഓഫിസിന് മുമ്പിലാണ് ഇന്ത്യയിലെ കോളേജ് സർവ്വകലാശാല അധ്യാപകരുടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന മാർച്ചും ധർണയും നടക്കുന്നത്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം നൽകുന്നതെന്നും മറ്റു സംസ്ഥാനങ്ങൾക്ക് യുജിസിയുടെ ഭാഗമായി ന്യായമായി ലഭിക്കേണ്ട ധനസഹായങ്ങൾ കേന്ദ്ര സർക്കാർ നിഷേധിക്കുകയാണെന്നും എ കെ പി സി റ്റി എ ജനറൽ സെക്രട്ടറി സി പദ്മനാഭൻ പറഞ്ഞു.
ദേശീയവിദ്യാഭ്യാസനയം 2020 പിൻവലിക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും വർഗ്ഗീയവൽക്കരണവും അവസാനിപ്പിക്കുക, ഏഴാം ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കാനായി നൽകേണ്ട കേന്ദ്ര വിഹിതം സംസ്ഥാനങ്ങൾക്ക് ഉടൻ ലഭ്യമാക്കുക, അധ്യാപകരുടെ പ്രൊമോഷനുകൾക്ക് ആവശ്യമായ ഓറിയന്റേഷൻ- റിഫ്രഷർ കോഴ്സുകൾ പൂർത്തീകരിക്കാൻ വേണ്ട സമയപരിധി 2022 ഡിസംബർ 31 വരെ നീട്ടി നൽകുക, കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതി പിൻവലിക്കുവാൻ കേന്ദ്ര നിയമ ഭേദഗതി നടത്തുക, വിരമിക്കൽ പ്രായം ഏകീകരിക്കുക, അസോസിയേറ്റ് പ്രൊഫസർഷിപ്പിന് പിഎച്ച്ഡി നിർബന്ധമാക്കാനുള്ള തീരുമാനം പിൻവലിക്കുക, എംഫിൽ- പിഎച്ച്‌ഡി അഡ്വാൻസ് ഇൻക്രിമെന്റ് ലഭിക്കാനുളള തീയ്യതി നീട്ടുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നവംബർ 16, 17, 18 തിയ്യതികളിൽ ഐഫക്‌ടോയുടെ നേതൃത്വത്തിൽ ത്രിദിന സമരം നടത്തുന്നത്.
കേരളത്തിൽ നിന്ന് എകെപിസിടിഎ, എകെജിസിടി, എഫ്‌യുടിഎ പ്രവർത്തകർ പങ്കെടുത്തു. മാർച്ചിനും ധർണയ്‌ക്കും ഐഫക്‌ടോ പ്രസിഡന്റ് പ്രൊഫ. കേശബ് ഭട്ടാചാര്യ , ജനറൽ സെക്രട്ടറി ഡോ അരുൺ കുമാർ, ഐഫക്‌ടോ ദേശീയ സെക്രട്ടറി ഡോ മനോജ് എൻ, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റും ഐഫക്‌ടോ ദക്ഷിണമേഖലാ സെക്രട്ടറിയുമായ ജോജി അലക്‌സ്, എകെപിസിടിഎ ജനറൽ സെക്രട്ടറി ഡോ സി പത്മനാഭൻ, എകെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ പി പി പ്രകാശൻ, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീഖ്, എഫ് യു ടി എ ജനറൽ സെക്രട്ടറി ഡോ എസ് നസീബ് തുടങ്ങിയവർ നേതൃത്വം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.