ചെറുപയര്‍ ബോള്‍സ്; ഹെല്‍ത്തി ബോള്‍സ്

ഹെല്‍ത്തിയായ ഒരു തനി നാടന്‍ മധുരപലഹാരമാണ് അരിയുണ്ട. അവലോസുണ്ട എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. അരിയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതല്‍ ഉള്ള ചെറുപയര്‍ ഉപയോഗിച്ച് അരിയുണ്ടയേക്കാള്‍ രുചിയുള്ള പയറുണ്ട തയാറാക്കാം. പ്രോട്ടീന്‍ സമ്പന്നമായതുകൊണ്ടു കുട്ടികള്‍ക്കു കൊടുക്കാന്‍ പറ്റിയ നല്ലൊരു പലഹാരം കൂടിയാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചെറുപയര്‍/ ചെറുപയര്‍ പരിപ്പ് – ഒരു കപ്പ്
ശര്‍ക്കര – 300 ഗ്രാം
തേങ്ങ ചിരകിയത് – ഒരു കപ്പ്
ഏലക്ക – 5
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
ചുക്കുപൊടി – അര ടീസ്പൂണ്‍
ജീരകപ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് – ഒരു നുള്ള്

യ്യാറാക്കുന്ന വിധം

പയര്‍ ഒരു അരിപ്പയിലേക്ക് ഇട്ട് ഒഴുകുന്ന വെള്ളത്തില്‍ പെട്ടെന്ന് കഴുകിയെടുക്കുക. വെള്ളം തോരാനായി 15 മിനിറ്റ് മാറ്റി വയ്ക്കുക (ഏറെനേരം വെള്ളത്തില്‍ വച്ചാല്‍ പയര്‍ കുതിര്‍ന്നു പോകും). ശര്‍ക്കര അരക്കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കി ഒട്ടുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്ത് അരിച്ച് എടുക്കുക.

ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി ചെറുപയര്‍ പരിപ്പും ഏലക്കയും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറക്കുക. ചൂടാറിയതിനു ശേഷം മിക്‌സിയിലിട്ടു നന്നായി പൊടിച്ചെടുക്കുക. തേങ്ങ ചിരകിയതും കൂടി ഇതിലേക്ക് ഇട്ട് യോജിപ്പിച്ചു വീണ്ടും പൊടിച്ചെടുക്കുക. പൊടിച്ച ചെറുപയര്‍ പരിപ്പും തേങ്ങയും ചേര്‍ന്ന മിശ്രിതം ഒരു വലിയ പാത്രത്തിലേക്കു മാറ്റുക. ചുക്കുപൊടി, ജീരകപ്പൊടി, ഒരു നുള്ള് ഉപ്പ് ഇവ ചേര്‍ത്തു യോജിപ്പിക്കുക.

ശര്‍ക്കരപ്പാനി അല്‍പാല്‍പമായി ഒഴിച്ചു നന്നായി ഇളക്കുക. ഉരുട്ടി എടുക്കാന്‍ പറ്റുന്ന പരുവം ആവുന്നതു വരെ ശര്‍ക്കരപ്പാനി ഒഴിച്ചുകൊടുക്കണം. ശര്‍ക്കരപ്പാനി ചെറുപയര്‍ പരിപ്പിലേക്കു പിടിക്കാനായി 10 മിനിറ്റു മാറ്റിവയ്ക്കുക. കൈയില്‍ അല്‍പം നെയ്യ് തടവിയതിനുശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. രുചികരമായ പയറുണ്ട തയാര്‍. ചൂടാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here