NIA വാദം തള്ളി സുപ്രീം കോടതി; ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലാക്കാന്‍ അനുമതി

ഭീമ കൊറേഗാവ് കേസില്‍ വിചാരണ തടവിലുള്ള ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രീം കോടതിയുടെ അനുമതി.നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് പോകാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) നല്‍കിയ അപേക്ഷ കോടതി തള്ളി.

നവി മുംബൈയിലെ തലോജ ജയിലില്‍ നിന്ന് മാറ്റിയ നവ്‌ലാഖയെ 24 മണിക്കൂറിനുള്ളില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത എന്‍.ഐ.എ നടപടിക്കെതിരെയാണ് ഗൗതം നവ്‌ലാഖ കോടതിയെ സമീപിച്ചിരുന്നത്. കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞായിരുന്നു ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലാക്കുന്നതിനെ എന്‍.ഐ.എ എതിര്‍ത്തത്. നവംബര്‍ പത്തിനാണ് ഗൗതം നവ്‌ലാഖയെ ഉപാധികളോടെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍, നവ്‌ലാഖ ആവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ലൈബ്രറിയുടെ മുകളിലെ കെട്ടിടത്തിലേക്ക് മാറണമന്നാണെന്നും, അത് അംഗീകരിക്കാനാവില്ലെന്നും എന്‍.ഐ.എക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിക്കുകയായിരുന്നു.

മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ആളാണ് നവ്‌ലാഖയെന്നും തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മോശം പാര്‍ട്ടിയല്ലെന്ന് നവ്‌ലാഖയുടെ അഭിഭാഷക നിത്യ രാമകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം, 2018 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന 73 കാരനായ നവ്‌ലാഖയെ 48 മണിക്കൂറിനകം വീട്ടുതടങ്കലിലേക്ക് മാറ്റാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരുന്നു കോടതിയുടെ തീരുമാനം.

എന്നാല്‍, ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതിനെ എന്‍.ഐ.എ അന്ന് തന്നെ ശക്തമായി എതിര്‍ത്തിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിക്കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചെങ്കിലും എന്‍.ഐ.എ വഴങ്ങിയിരുന്നില്ല. ഇതോടെ പ്രായവും ആരോഗ്യാവസ്ഥയും കണക്കിലെടുത്ത് വീട്ടുതടങ്കല്‍ അനുവദിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

കര്‍ശന വ്യവസ്ഥകളോടെയാണ് ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചത്. വീട്ടുതടങ്കലിന് നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവിലേക്കായി നവി മുംബൈ സി.പിയുടെ പേരില്‍ 2.40 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് കെട്ടിവെക്കണമെന്നായിരുന്നു കോടതിയുടെ ഒരു പ്രധാന വ്യവസ്ഥ. ഒരു മാസത്തിന് ശേഷം ഇത് റിവ്യൂ ചെയ്യുമെന്നും കുറ്റവിമുക്തനാകുമ്പോള്‍ പണം തിരികെ നല്‍കുമെന്നുമാണ് കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News