Recipe:ഊണിനു കൂട്ടാന്‍ വെണ്ടക്കയും തക്കാളിയും കൊണ്ടൊരു നാടന്‍ ഒഴിച്ചു കറി

ഊണു കഴിക്കാന്‍ എന്നും ഓരോ കറി വേണം, ചില ദിവസങ്ങളില്‍ അധികം പച്ചക്കറികള്‍ ഒന്നും ഉണ്ടാവില്ലെങ്കിലും നല്ല കുറുകിയ ചാറോട് കൂടിയ കറി തയാറാക്കാം. കുറച്ചു വെണ്ടയ്ക്കയും തക്കാളിയും കൊണ്ട് നല്ലൊരു കറി എങ്ങനെ തയാറാക്കാം എന്നു നോക്കാം.

ചേരുവകള്‍

വെണ്ടയ്ക്ക – 10 എണ്ണം
തക്കാളി – 2 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക് – 4 എണ്ണം
വെളിച്ചെണ്ണ – 4 സ്പൂണ്‍
മഞ്ഞള്‍ പൊടി – 1 സ്പൂണ്‍
ഉപ്പ് – 2 സ്പൂണ്‍
കാശ്മീരി മുളകുപൊടി – 1 സ്പൂണ്‍
കറിവേപ്പില – 2 തണ്ട്
വെള്ളം – 2 ഗ്ലാസ്
തേങ്ങ – അര മുറി
ജീരകം – 1 സ്പൂണ്‍
കടുക് – 1 സ്പൂണ്‍
ചുവന്ന മുളക് – 4 എണ്ണം

തയാറാക്കുന്ന വിധം

മണ്‍ചട്ടിയില്‍ കുറച്ചു പച്ചവെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചതു ചേര്‍ത്തു കൊടുക്കാം.

ഒപ്പം തന്നെ പച്ചമുളകും ചേര്‍ത്തു കൊടുക്കാം. വെളിച്ചെണ്ണയില്‍ തന്നെ ഇത് മൂപ്പിച്ചെടുക്കാന്‍ ശ്രമിക്കുക.

കാരണം വെളിച്ചെണ്ണയില്‍ കറി ഉണ്ടാക്കുമ്പോള്‍ ആ കറിക്ക് ഒരു പ്രത്യേക സ്വാദാണ്. വെണ്ടയ്ക്കയിലേക്ക് പച്ചമുളകിന്റെ സ്വാദ് കിട്ടുന്നതിനാണ് രണ്ടും ഒപ്പം വഴറ്റുന്നത്, ഇങ്ങനെ വഴറ്റുന്നത് കൊണ്ട് മറ്റൊരു കാരണം കൂടിയുണ്ട്. വെണ്ടയ്ക്ക കുഴഞ്ഞു പോകാതിരിക്കാനും അതുപോലെ തന്നെ ഒട്ടിപ്പിടിക്കാതെ വെണ്ടയ്ക്കയുടെ വഴുവഴുപ്പ് മാറിക്കിട്ടാനും വേണ്ടിയിട്ടാണ് പച്ച വെളിച്ചെണ്ണയില്‍ വെണ്ടയ്ക്ക നന്നായി മൂപ്പിച്ച് എടുക്കുന്നത്.

നന്നായിട്ട് മൂത്തു വരുമ്പോള്‍ തക്കാളി അരിഞ്ഞതും ചേര്‍ത്തു കൊടുക്കാം. അതിലേക്ക് മഞ്ഞള്‍പ്പൊടി, കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ചു കറിവേപ്പില എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതൊന്ന് വേകാന്‍ വയ്ക്കുക.

ഇത് വേകുന്ന സമയത്ത് അരപ്പ് തയാറാക്കി എടുക്കാം, മിക്‌സിയുടെ ജാറിലേക്കു തേങ്ങ, ജീരകം, കറിവേപ്പില എന്നിവ നന്നായി അരച്ച്, വെണ്ടയ്ക്കയുടെയും തക്കാളിയുടെയും കൂടെ ചേര്‍ത്തു കൊടുക്കാം ഒപ്പം കുറച്ചു സവാള നീളത്തില്‍ അരിഞ്ഞതും ചേര്‍ത്തു കൊടുക്കാം.

ഇത്രയും ചേര്‍ത്തു കഴിഞ്ഞാല്‍ കറി അധികം തിളയ്ക്കരുത് നന്നായി ചൂടാക്കാനെ പാടുള്ളൂ, ഇളക്കി കൊടുത്തു കൊണ്ടേയിരിക്കാം. തീ കുറച്ചു വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ചൂടായി കഴിയുമ്പോള്‍ ഇത് അടുപ്പില്‍ നിന്നും മാറ്റിവയ്ക്കാം. ശേഷം മറ്റൊരു ചീന ചട്ടി വച്ചു വെളിച്ചെണ്ണ ഒഴിച്ച്, അതിലേക്കു കടുകു ചേര്‍ത്തു പൊട്ടിച്ച്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേര്‍ത്ത്, ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ത്ത്, നന്നായി വറുത്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കാം. വളരെ രുചികരമായ നല്ല കുറുകിയ ചാറോടുകൂടിയ ഒരു കറിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News