ഇവൾ നമ്മുടെ മാലാഖ …..ഹന്നക്കുട്ടി ഉമ്മ .

കാണാൻ ഏറെ അഴകുള്ള ഹന്ന എന്ന മൊഞ്ചത്തികുട്ടി . ഇന്നു രാവിലെ ചാനലുകളിലൂടെ പ്രഭാത പരിപാടികളുടെ പോസിറ്റിവിറ്റി തേടി അലഞ്ഞുപോകുന്നതിനിടയിൽ ആണ് കൈരളി ന്യൂസിലെ വേറിട്ട പരിപാടി ശ്രദ്ധയിൽ പെട്ടത്. ഹന്ന മോളെ ചേർത്തു പിടിച്ചു, പൊന്നുമോളിന്റെ കഴിവുകളിൽ അഭിമാനം തുളുമ്പുന്ന വാക്കുകൾ അനുവാചകരിലേക്ക് പ്രസരിപ്പിച്ചു . ഈ ദിനം ധന്യമാക്കിയ പ്രിയ സലിം . ബിഗ് സല്യൂട്ട്. നേരം പുലരുമ്പോൾ തന്നെ, വിഷം വമിപ്പിക്കുന്ന നെഗറ്റീവ് വാർത്തകൾ സെൻസിറ്റീവ് ആയി മത്സരിച്ചു പ്രക്ഷേപണം ചെയ്യുന്നത് കണ്ടു ഛർദി വരുമ്പോൾ, ഭിന്നശേഷിയുള്ള, സവിശേഷ കഴിവുകളുള്ള സലീമിന്റെ പുന്നാരകുട്ടിയെ നിറഹൃദയത്തോടെ പൊതുജന സമക്ഷം അവതരിപ്പിച്ച കൈരളി അവതാരകന് അഭിവാദ്യങ്ങൾ .

ഓരോ കുട്ടിയിലുമുള്ള കഴിവുകളെ കണ്ടെത്താനാണ് രക്ഷിതാക്കളും, സമൂഹവും ശ്രമിക്കേണ്ടതെന്ന് സലിം സ്വന്തം അനുഭവങ്ങളിലൂടെ വരച്ചുകാട്ടിയത് . പ്രസിദ്ധ അഭിനേതാവ് മമ്മുട്ടിയടക്കം ഹന്നയെ ചേർത്തുപിടിച്ചത് വാക്കുകൾക്കതീതം …
ഉണ്ട്.. നന്മ വിരിയുന്ന പ്രഭാതങ്ങൾ! ..

ഇന്ന് സേതുമാധവൻ എന്ന സേതുമാഷ് ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഇത് .

ഒരുപാടു ശാരീരികവെല്ലുവിളികളോടെ ജനിച്ചിട്ടും അവശതകളെയൊക്കെ വെല്ലുവിളിച്ചു ജയിച്ച ഹന്നാ സലീമിന് 2022 ലെ കൈരളി ന്യൂസിന്റെ പ്രത്യേകപുരസ്കാരം നൽകിയിരുന്നു . പുരസ്‌ക്കാര ചടങ്ങിനിടെ ശോഭന ജോർജ് ഹന്നയ്ക്ക് മോതിരം സമ്മാനമായി നൽകിയിരുന്നു . വേദിയിൽ
നടൻ മമ്മൂട്ടിക്ക് വേണ്ടി പാട്ടു പാടിയ ഹന്ന തനിക്ക് മമ്മൂട്ടിയെ വളരെ ഇഷ്ടമാണെന്ന് ആണ് നിഷ്ക്കളങ്കതയോടെ പറഞ്ഞത് . ഹന്നയെ മമ്മൂട്ടി വേദിയിൽ വെച്ച് തന്നെ നിറഞ്ഞ മനസ്സോടെ ചേർത്ത് പിടിച്ചിരുന്നു .

‘മദീനയിലേയ്ക്കൊരു വെള്ളരിപ്രാവ്’ എന്ന ഒരു പാട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആ പാട്ടു കേട്ടത് 6 മില്യൺ ആളുകളാണ് ..

ഹന്ന ഒരു പ്രതീകമാണ്. മുഖത്തുമാത്രം തൊലിയുമായി ജനിച്ചവൾ. രണ്ടു ദിവസമേ ജീവിക്കൂ എന്ന് വൈദ്യശാസ്ത്രം വിചാരിച്ചവൾ. അവിടെനിന്നു തുടങ്ങിയ യാത്രയാണ് ഹന്നയുടേത്.

ഹന്ന അതിജീവിക്കുമോ എന്നത് സംശയമായിരുന്നു. സംസാരിക്കാനാവില്ല. മുടി വളരില്ല. ശരീരത്തിൽ സാധാരണതൊലി വരില്ല. നടക്കാനാവില്ല. നട്ടെല്ലിൽ ഒരു തടിപ്പുണ്ട്. കൈയ്ക്കു വളവുണ്ട്. ഓപ്പറേഷൻ നടത്തിയാൽ സ്ഥിരം ഓർമ്മക്കേടിലേയ്ക്കു പോയേക്കും…

അങ്ങനെയങ്ങനെ ഹന്നയെ മഹാസങ്കടങ്ങൾ വലയം ചെയ്തിരുന്നു.

വിദേശഡോക്ടർമാർ വരെ ഹന്നയെ കൈയൊ‍ഴിഞ്ഞു. പക്ഷേ, ഗായകനായ ഉപ്പ സലീം കോടത്തൂരും ഉമ്മ സുമീറയും മകളെ കൈവിട്ടില്ല. ജനിച്ച് രണ്ടരമാസം ആശുപത്രിയിൽത്തന്നെ. പിന്നെ ആറു മാസം വീട്ടിൽ.

പിന്നെ ഹന്നയുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ അത്ഭുതങ്ങൾ. ചികിത്സകൾ. ഓപ്പറേഷൻ. ദേഹത്ത് തൊലി വരുന്നു. ഹന്ന നടക്കുന്നു. സംസാരിക്കുന്നു. അസാധാരണമായ ഓർമ്മ ശക്തി കാണിക്കുന്നു. പൊതുസ്കൂളിൽ പഠിക്കുന്നു. നൃത്തം ചെയ്യുന്നു. പാട്ടു പാടുന്നു. എന്തിനേറെ, തനിയേ പാട്ടുണ്ടാക്കി തനിയേ ട്യൂൺ കൊടുത്ത് പാടുകവരെ ചെയ്യുന്നു. ദേശീയമാധ്യമങ്ങളിൽ ഇടംപിടിക്കുന്നു……

ഇതൊക്കെ അത്ഭുതത്തിന്റെ കണക്കിലെ‍ഴുതിത്തള്ളരുത്. “എന്നെ എന്തിനാ പ്രസവിച്ചത്?” എന്ന് നാലു വയസ്സുള്ളപ്പോൾ ഉമ്മയോടു ചോദിച്ച ഒരു കുഞ്ഞിന്റെ വേദനയുടെയും സഹനത്തിന്റെയും വിജയമാണിത്.

“എന്റെ കൈയിൽ എന്താ മൂന്നു വിരൽമാത്രം?” എന്നു ചോദിച്ച മോളോട് “മോളേ, നിനക്ക് കൈയിലും കാലിലും കൂടി 21 വിരലുകളുണ്ട്, നീ മറ്റുള്ളവരേക്കാൾ സ്പെഷൽ ആണ്” എന്ന് ഉറപ്പിച്ചു പറഞ്ഞ ഒരുപ്പയുടെയും ഉമ്മയുടെയും വിജയമാണിത്. കുഞ്ഞനിയത്തിയുടെ ജീവിതസമരത്തെ സ്നേഹിക്കുകയും തുണയ്ക്കുകയും ചെയ്ത മൊഹമ്മദ് സിനാൻ എന്ന ഇക്കയുടെയും സനാ ഫാത്തിമാ എന്ന ഇത്തയുടെയും വിജയമാണിത്.

നടക്കില്ല എന്നു പറഞ്ഞ ഹന്ന നൃത്തം ചെയ്യുമ്പോൾ ‘ജീവിതം അവസാനിക്കുന്നില്ല’ എന്നു നമ്മൾ അറിയുന്നു.

സംസാരിക്കില്ല എന്നു പറഞ്ഞ ഹന്ന പാടുമ്പോൾ ‘ജീവിതം മനോഹരമാണ്’ എന്നു നമ്മൾ വിശ്വസിക്കുന്നു.ഹന്ന കുട്ടി …ഉമ്മ …..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News