
ലോകം ഒരു പന്തിനുപിന്നാലെ ഉരുണ്ടുതുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.ഇനിയുള്ള 29 രാപ്പകലുകൾ എല്ലാ കളിക്കമ്പക്കാരുടെയും ശ്രദ്ധ, മുപ്പതുലക്ഷത്തോടുമാത്രം ജനസംഖ്യയുള്ള ഖത്തർ എന്ന അറേബ്യൻ രാജ്യത്തായിരിക്കും. അവിടെ നിന്നുയരുന്ന ഗോളാരവങ്ങളിലായിരിക്കും.
ഇന്ന് ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ നാലു വർഷത്തിലൊരിക്കൽ നടക്കുന്ന കാൽപ്പന്ത് മാമാങ്കത്തിന് വിസിൽ മുഴങ്ങും.
ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും അർജീൻറനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും രണ്ടാംസ്ഥാനക്കാരായ ക്രൊയേഷ്യയും ജർമനിയും ഇംഗ്ലണ്ടും സ്പെയിനും നെതർലൻഡസും ബെൽജിയവുമൊക്കെ തുടർന്നുള്ള ദിവസങ്ങളിൽ കളിക്കളത്തിൽ അണിനിരക്കും.ഇനി ഓരോ നിമിഷവും കാത്തിരിപ്പിൻറേതാണ്.
അങ്ങനെ കാത്തിരിപ്പുകൾക്ക് അവസാനമാകുന്നു. കാൽപന്ത് കളി ലോകം ഉറ്റുനോക്കുന്ന ഖത്തർ ലോകകപ്പിന് ഇന്ന് കിക്കോഫ്. രാത്രി 7:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറും തമ്മിലുള്ള മത്സരം രാത്രി 9:30 ന് നടക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആഘോഷത്തിമർപ്പോടെ കിക്കോഫിന് ഖത്തർ പൂർണ സജ്ജം.
കാൽപന്ത് കളിയുടെ മാസ്മരികത നുണയാൻ ഖത്തറിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് കാൽപന്ത് കളി ലോകം. രാത്രി 7:30 ന് അൽ ബായ്ത്ത് സ്റ്റേഡിയത്തിലെ സ്വപ്നസമാനമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം രാത്രി 9:30 നാണ് വിശ്വ കാൽപന്ത് കളി മാമാങ്കത്തിന് കിക്കോഫാവുക.
ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിനെ നേരിടും. 32 ടീമുകൾ, 64 മത്സരങ്ങൾ , എണ്ണിയാൽ ഒടുങ്ങാത്ത അതി മനോഹര മുഹൂർത്തങ്ങൾ . എല്ലാം ഇനി കായിക ലോകത്തിന് സ്വന്തമാകും.
ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും എംബാപ്പെയും മുള്ളറും ഉൾപ്പെടെ 736 കളിക്കാരാണ് ഖത്തറിൽ പന്ത് തട്ടുക. ഖത്തറിലെ 8 സ്റ്റേഡിയങ്ങൾ ഫുട്ബോൾ മാന്ത്രികക്കാഴ്ചകൾക്ക് തയ്യാറെടുത്തു കഴിഞ്ഞു.
29 ദിനരാത്രങ്ങൾ ലോകം കണ്ട ഏറ്റവും മനോഹര ഉത്സവമായി ഖത്തർ ലോകകപ്പ് മാറും. ഡിസംബർ 18 ന് ഐക്കണിക്സ്റ്റേഡിയമായ ലുസൈലിൽ നടക്കുന്ന ഫൈനലോടെ വിശ്വ കാൽപന്ത് കളി മാമാങ്കത്തിന് കൊടിയിറങ്ങും.
ഇറ്റലി, ഈജിപ്ത്, കൊളംബിയ, നൈജീരിയ, സ്വീഡൻ എന്നീ ടീമുകളാണ് ഈ ലോകകപ്പിന്റെ നഷ്ടങ്ങൾ. ബ്രസീൽ, അർജന്റീന, ജർമനി, സ്പെയിൻ തുടങ്ങി ലോകത്ത് ഏറ്റവും അധികം ആരാധകർ ഉള്ള രാജ്യങ്ങൾക്ക് പുറമെ ബെൽജിയം, ഇംഗ്ലണ്ട് ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളെല്ലാം ടൂർണമെന്റിന്റെ ഫേവറിറ്റുകളാണ്.
എട്ട് രാജ്യംമാത്രമാണ് ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്.ബ്രസീൽ അഞ്ചു തവണ കിരീടം നേടിയപ്പോൾ ജർമനി, ഇറ്റലി ടീമുകൾ നാലു തവണ ലോകകിരീടം ചൂടി.അർജന്റീനയും ഫ്രാൻസും ഉറുഗ്വേയും രണ്ട് തവണവീതം ജേതാക്കളായി. ഇംഗ്ലണ്ടും സ്‌പെയിനും ഓരോ തവണ വീതം കിരീടത്തിൽ മുത്തമിട്ടു.
ലോകകപ്പ് ആവേശത്തിൽ മുൻപന്തിയിൽ കൊച്ചു കേരളവുമുണ്ട്. ലോകകപ്പ് കേരളത്തിന് ഇത്രയടുത്ത് എത്തുന്നതും ആദ്യം. അതിനാൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പുമാകും ഇത്. ഇനി കണ്ണിമ ചിമ്മാതെ ലോകം മുഴുവൻ ഖത്തറിലേക്ക് ഉറ്റുനോക്കുന്ന ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here