
പാർട്ടി തന്നെ വിലക്കിയിട്ടില്ലെന്നും തനിക്കാരെയും ഭയമില്ലെന്നും തന്നെ ആരും ഭയക്കേണ്ടതില്ലെന്നും ശശിതരൂർ. അപ്രഖ്യാപിത വിലക്ക് മറികടന്ന് കോഴിക്കോടെത്തിയ തരൂർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.തരൂരിന്റെ വരവോടെ ചില നേതാക്കളുടെ സമ്മർദ്ദത്തിൽ യൂത്ത് കോൺഗ്രസ് പരിപാടി റദ്ദ് ചെയ്തതും കണ്ണൂർ ഡിസിസി പ്രോഗ്രാം റദ്ദ് ചെയ്തതും വിവാദമാവുകയാണ്.
കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ്റെ ആർ എസ് എസ് അനുകൂല പ്രസ്താവനകൾ ഉണ്ടാക്കിയ അസ്വാരസ്യങ്ങൾക്കിടയിലാണ് ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്. കേരളം ലക്ഷ്യമാക്കിയുള്ള പുതിയ നീക്കത്തിന് മലബാറിൽ നിന്നാണ് തുടക്കം.
പാണക്കാട് സന്ദർശനം ഉൾപ്പെടുന്ന മലബാർ പര്യടനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരേയും തരൂർ കാണുന്നുണ്ട്. വരുന്ന 4 ദിവസങ്ങളിലായി കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കും. തരൂരിനെ അവഗണിക്കാനാവില്ലെന്ന് മലബാറിൽ കരുക്കൾ നീക്കുന്ന എം.കെ.രാഘവൻ എം പി പറഞ്ഞു.
താഴെത്തട്ടിൽ സ്വാധീനമില്ലെന്ന ആരോപണമായിരുന്നു കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മൽസരിക്കവേ ശശി തരൂരിനെതിരെ കേരള നേതാക്കൾ പ്രധാനമായും ഉയർത്തിയത്. ഇതിന് പരിഹാരം കാണുന്നതിനൊപ്പം പൊതുസമൂഹത്തിലുള്ള സ്വീകാര്യതയും പിന്തുണയും കൂടി നേട്ടമാക്കി മാറ്റാനൊരുങ്ങുകയാണ് ശശി തരൂർ.
ശശി തരൂർ കേരളത്തിൽ സജീവമാകുന്നത് കെ.മുരളീധരനും സ്വാഗതം ചെയ്തിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധയൂന്നിയിരുന്ന തരൂരിന്റെ കണ്ണുകൾ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത് ലീഗ് അടക്കമുള്ള കക്ഷികളുടെ മൗനാനുവാദത്തോടെയാണെന്ന സംശയവും ബലപ്പെടുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here