കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ (72)
നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം.

മർകസ് വൈസ് പ്രിൻസിപ്പാളും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആദ്യ ശിഷ്യനും ആണ്. മുസ്‌ലിം കർമ്മ ശാസ്ത്ര പഠന രംഗത്തെ വിദഗ്ദനായ എ പി മുഹമ്മദ് മുസ്‌ലിയാരുടെ പഠനങ്ങളും ഫത്‌വകളും പ്രഭാഷണങ്ങളും മുസ്‌ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നു. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950 ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ആയിരുന്നു ജനനം. കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ കീഴിലെ ദീർഘ കാല പഠനത്തിനു ശേഷം തമിഴ്‌നാട് വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി.

1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം. കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. കോഴിക്കോട് ജില്ലയിലെ നിരവധി മഹല്ലുകളുടെ ഖാളിയും ആണ്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.

മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്റാർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്‌രീഫ. മരുമക്കൾ: ഇ.കെ. ഖാസിം അഹ്‌സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

രാവിലെ ഒൻപത് മണിക്ക് കാരന്തൂർ ജാമിഅ മർകസ് മസ്ജിദിൽ വെച്ചു നടക്കുന്ന മയ്യിത്ത് നിസ്കാരത്തിനു ശേഷം കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കും.

ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാന്തപുരം എ.പി.മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ചെറിയ എ പി ഉസ്താദ് എന്നറിയപ്പെടുന്ന അദ്ദേഹം മുസ്ലിം കർമ്മശാസ്ത്ര പഠനരംഗത്തെ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളും ഫത് വകളും പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. നിരവധി മഹല്ലുകളുടെ ഖാളിയും ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയുമായിരുന്നു മുഹമ്മദ് മുസ്ലിയാരെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News