സംഘപരിവാര്‍ വിരുദ്ധ സെമിനാറില്‍ യൂത്ത് കോണ്‍ഗ്രസിന് വിലക്ക് ; തെളിയുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആര്‍.എസ്.എസ് അനുകൂല നിലപാട്

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് വച്ച് ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലു വിളികളും’ എന്ന പേരില്‍ നടത്താനിരുന്ന സെമിനാര്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് നിര്‍ത്തി വച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കുകയാണ്. ഡോ: ശശി തരൂര്‍ മുഖ്യ പ്രഭാഷകനാണ് എന്ന കാരണത്താലാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പരിപാടി നിര്‍ത്തിച്ചത് എന്നാണ് അവര്‍ പറയുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംഘ പരിവാറിനെതിരെ ഒരു പരിപാടി സംഘടിപ്പിക്കുക എന്നത് തന്നെ അത്യപൂര്‍വ്വമായ സംഗതിയാണ്.
നിശ്ചയിച്ച പരിപാടി പോലും സ്വന്തമായി നടത്താന്‍ സാധിക്കാതെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാലായി കഴിയുന്ന ഈ സംഘടനയ്ക്ക് എന്ത് രാഷ്ട്രീയ അസ്ഥിത്വമാണ് ഉള്ളതെന്ന് അവര്‍ വ്യക്തമാക്കണം. കൊട്ടിഘോഷിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കുടുംബത്തിന്റെ നോമിനിക്കെതിരെ മത്സരിച്ചു എന്നതാണ് ഡോ:തരൂര്‍ ചെയ്ത കൊടിയ അപരാധമായി കോണ്‍ഗ്രസുകാര്‍ കാണുന്നത്.
ജനാധിപത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ചാനലുകളില്‍ വാഴ്ത്തുന്ന പാര്‍ടി നേതാക്കളുടെ തനി നിറമാണ് ഇതിലൂടെ പുറത്ത് വരുന്നത്.

എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകാന്‍ തയ്യാറായി സ്വയം വിളംബരം ചെയ്ത് കാത്ത് നില്‍ക്കുന്ന കെ.സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സംഘ പരിവാറിനെതിരെയും മതേതരത്വത്തിന് വേണ്ടിയും സംസാരിക്കുന്ന ഒരു സെമിനാര്‍ അനുവദിക്കാതിരിക്കുന്നത് അവരുടെ ബിജെപി പക്ഷപാതിത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഗവര്‍ണറെ അനുകൂലിച്ചും കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെയും സമരാഭാസങ്ങള്‍ തുറന്ന് വിട്ട കോണ്‍ഗ്രസ് പാര്‍ടി തന്നെയാണ് ഇന്ന് സംഘ പരിവാറിനെതിരെയുള്ള സെമിനാര്‍ വിലക്കുന്നതും. ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍.എസ്.എസ് സെമിനാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊണ്ട് കാവല്‍ നിര്‍ത്തിക്കുന്നത് ഇനിയെന്നാണെന്ന് മാത്രം നോക്കിയാല്‍ മതി.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിട്ടൂരം ഭയന്ന് സംഘപരിവാറിനെതിരായ പരിപാടി ഉപേക്ഷിച്ച യൂത്ത് കോണ്‍ഗ്രസ് നിലപാട് മതേതര വിശ്വാകളായ യുവ ജനതയ്ക്ക് അപമാനകരമാണ്.
യൂത്ത് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം.

സെക്രട്ടറി
DYFI കേരള സംസ്ഥാന കമ്മറ്റി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News