‘സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് സന്തോഷത്തോടെ ലോകകപ്പ് ആസ്വദിക്കാന്‍ സാധിക്കട്ടെ’; മുഖ്യമന്ത്രി

ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട് അവരുടെ വിയര്‍പ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കമെന്നും ആ അര്‍ത്ഥത്തില്‍ കേരളത്തിന്റെ കൂടി ലോകകപ്പാണിതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും സന്തോഷത്തോടു കൂടി ഈ ലോകകപ്പ് ഏവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

കുറിപ്പ്

ഖത്തറില്‍ അരങ്ങേറുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ആഘോഷത്തിലാണ് നാടാകെ. മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം പ്രസിദ്ധമാണ്. പെലെ, മറഡോണ, പ്ലാറ്റിനി, ബെക്കന്‍ബോവര്‍ പോലുള്ള മഹാരഥന്മാരുടെ പ്രകടനങ്ങള്‍ കണ്ടു തളിര്‍ത്ത ആ ഫുട്‌ബോള്‍ ജ്വരം ഇന്ന് മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ പോലുള്ള പ്രഗത്ഭരായ താരങ്ങളിലൂടെ ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നു. കോഴിക്കോട് പുള്ളാവൂരില്‍ കുറുങ്ങാട്ട് കടവ് പുഴക്ക് കുറുകെ ഉയര്‍ത്തിയ ഭീമാകാരങ്ങളായ കട്ട് ഔട്ടുകള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പൊതുവിടങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടു പിടിക്കുകയാണ്. സൗഹൃദ മത്സരങ്ങളും ജാഥകളും തുടങ്ങിയ എണ്ണിയാല്‍ തീരാത്ത പരിപാടികള്‍ സംഘടിക്കപ്പെടുന്നു.

ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണ്. ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തര്‍. ഇതുവഴി നമ്മുടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകോത്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനുള്ള സുവര്‍ണാവസരം വന്നു ചേര്‍ന്നിരിക്കുന്നു. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അവരുടെ വിയര്‍പ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം.

ആ അര്‍ത്ഥത്തില്‍ കേരളത്തിന്റെ കൂടി ലോകകപ്പാണിത്. ഇഷ്ടടീമുകള്‍ ഏറ്റുമുട്ടാനൊരുങ്ങിക്കഴിഞ്ഞു. ആവേശവും ആര്‍പ്പുവിളികളും കൂടുതല്‍ മുറുകട്ടെ. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും സന്തോഷത്തോടു കൂടി ഈ ലോകകപ്പ് ഏവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കട്ടെ. ഒരു മുന്‍വിധിയുമില്ലാതെ ലോകത്തെല്ലാവരും ആസ്വദിക്കുകയും ഹൃദയത്തില്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നവയാണ് ഫുട്‌ബോള്‍ മത്സരങ്ങള്‍. അതിലേക്ക് പ്രതിലോമതയുടെയും സങ്കുചിത്വത്തിന്റെയും വിഷ കിരണങ്ങള്‍ കടന്നു ചെല്ലുന്നത് അനാശാസ്യകരമാണ്. ഇത്തരം ശ്രമങ്ങളെയെല്ലാം ഫുട്‌ബോള്‍ പ്രേമികള്‍ തള്ളിക്കളയുക തന്നെ ചെയ്യും. വിപുലമായ രീതിയില്‍ ഈ ലോകകപ്പ് സന്നാഹങ്ങളൊരുക്കിയ ഖത്തറിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളടക്കമുള്ളവര്‍ക്കും അഭിവാദ്യങ്ങള്‍. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും വിജയാശംസകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News