ളാഹ അപകടം;എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യ ജനകം:മുഖ്യമന്ത്രി| Pinarayi Vijayan

വിജയവാഡയിലെ ഏലൂര്‍ സ്വദേശികളായ 44 ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യ ജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സര്‍ക്കാര്‍ വകുപ്പുകളുടെ സമയോചിതമായ ഇടപെടലിലും കൃത്യതയോടെയുള്ള രക്ഷാപ്രവര്‍ത്തനവും ഉണ്ടായി. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കഴിയുകയുണ്ടായെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നില്‍ നിന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കും ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍-മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം:-

വിജയവാഡയിലെ ഏലൂര്‍ സ്വദേശികളായ 44 ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം പത്തനംതിട്ട ളാഹയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യ ജനകമാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ സമയോചിതമായ ഇടപെടലിലും കൃത്യതയോടെയുള്ള രക്ഷാപ്രവര്‍ത്തനവും ഉണ്ടായി. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കഴിയുകയുണ്ടായി.

സമീപത്തുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സംഭവസ്ഥലത്തെത്തുകയും ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി അതിനിടയില്‍പ്പെട്ടവരെ രക്ഷിക്കുകയും ചെയ്തു. ജില്ലാകലക്ടറും പൊലീസും മോട്ടോര്‍ വാഹന വകുപ്പും വനം, അഗ്‌നിരക്ഷാ സേന പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെരുനാട്ടെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും വേണ്ട സജ്ജീകരണങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടം ഇതിനെല്ലാമുണ്ടായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ദൗത്യം വഴി ഒരു മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുവാനും രണ്ടര മണിക്കൂറിനുള്ളില്‍ സ്ഥലത്തെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുവാനും കഴിഞ്ഞു.

പരിക്കേറ്റ 37 യാത്രക്കാരെയും സംഭവസ്ഥലത്ത് നിന്നും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലാണ് ആദ്യം എത്തിച്ചത്. പ്രഥമ ശുശ്രൂഷയ്ക്കുശേഷം തീര്‍ത്ഥാടകരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ 5 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചുകൊണ്ട് ആവശ്യമായ ചികിത്സ നല്‍കി. കോന്നി മെഡിക്കല്‍ കോളേജില്‍ നിന്ന് സുപ്രണ്ടിന്റെ നേതൃത്വത്തില്‍ 17 ഡോക്ടര്‍മാരും 22 സ്റ്റാഫ് നഴ്‌സുമാരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കി. ചടുലമായ രക്ഷാപ്രവര്‍ത്തനവും മികച്ച ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തിയതിന് ആന്ധ്രാ പ്രദേശിലെ ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നന്ദിയറിയിച്ചു. ആന്ധ്രാ പ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കേരളത്തിലെ ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്ക് ശേഷം തീര്‍ഥാടകരെ സ്വന്തം നാടായ വിജയവാഡയിലെത്തിക്കാന്‍ വേണ്ട സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അവര്‍ക്ക് ഉറപ്പുനല്‍കി.

ദുരന്ത നിവാരണ ഘട്ടങ്ങളില്‍ നമ്മള്‍ പ്രകടിപ്പിക്കുന്ന അര്‍പ്പണ ബോധത്തിന്റെ ഉത്തമ ഉദാഹരണമാണ് പത്തനംതിട്ടയില്‍ കണ്ടത്. അപകട ഘട്ടത്തില്‍ ചടുലമായി ഇടപെട്ടുകൊണ്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും മെച്ചപ്പെട്ട ചികിത്സ നല്‍കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നില്‍ നിന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കും ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News