
മംഗളൂരുവിലുണ്ടായ സ്‌ഫോടനത്തില്‍ മുഖ്യപ്രതിക്ക് തീവ്രവാദ ബന്ധമുള്ളതായി പോലീസ്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ശിവമോഖ സ്വദേശി ഷാരിഖാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നേരത്തെ തീവ്രവാദ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ഷാരിഖിന് തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ്.
ശനിയാഴ്ച വൈകിട്ട് മംഗളൂരു നാഗൂരിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന ശിവമോഗ തീര്‍ത്ഥഹള്ളി സോപ്പുഗുഡ്ഡെയിലെഷാരീഖ്, മംഗളൂരു ഉജ്ജോഡി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പുരുഷോത്തമ എന്നിവര്‍ക്ക് പൊള്ളലേറ്റിരുന്നു. അപകടമാണെന്ന് കരുതി നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് പ്രഷര്‍ കുക്കറില്‍ നിറച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാണെന്ന് വ്യക്തമായത്. വലിയ ആള്‍നാശം ലക്ഷ്യമാക്കിയ ത്രീവവാദ പദ്ധതിയാണ് പരാജയപ്പെട്ടതെന്ന് കര്‍ണാടക പോലീസ് പറഞ്ഞു. മംഗളൂരു ജംങ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ഓട്ടേറിക്ഷയില്‍ ഉജ്ജോഡി എത്തിയപ്പോഴാണ് ഷാരിഖ് കയറിയത്.
മൈസൂരുവില്‍ വാടകക്ക് താസിച്ചു വരികയായിരുന്ന ഷാരീഖ് ശനിയാഴ്ച വൈകീട്ടാണ് ബസ്സില്‍ മംഗളൂരുവില്‍ എത്തിയത്. മൈസൂരുവിലെ വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പൊലീസ് കണ്ടെത്തി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ മൈസൂരുവില്‍ വീട് വാടകക്കെടുത്തത്.
ഷാരിഖിന് നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ സ്‌ഫോടനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാവൂ. 2020 ല്‍ മംഗളൂരു ബിജയിയിലെ അപ്പാര്‍ട്ട്‌മെന്റ് മതിലില്‍ ത്രീവവാദ അനുകൂല എഴുത്തുകള്‍ പതിച്ചതിന് ഷാരീഖ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ ശിവമോഗ തുംഗഭദ്ര നദി തീരത്ത് സ്‌ഫോടന പരീക്ഷണം നടത്തി. ഈ കേസില്‍ മറ്റ് രണ്ട് പ്രതികളും അറസ്റ്റിലായെങ്കിലും ഷാരീഖ് ഒളിവിലായിരുന്നു. നാലംഗ എന്‍ഐഎ സംഘം മംഗളൂരുവില്‍ എത്തി അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here