വംശവെറിക്ക്, മതഭ്രാന്തിന്, യൂറോപ്പിന്‍റെ പരിഹാസങ്ങൾക്ക് ഒക്കെയുള്ള മറുപടി…ലെഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് എഴുതുന്നു

കേരളത്തിന്റെ പ്രളയകാലത്തും പാലക്കാട് ചെറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിന്റെ തലവൻ എന്ന നിലയിലും ലെഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് . നിരവധിപേരാണ് ഇതിനോടകം ഹേമന്ദ് രാജിന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് .

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ …

“Everyone has the right to dream….”
“ഒരു സ്വപ്‌നവും വലുതല്ലെന്ന് ലോകത്തിന് മുമ്പിൽ കാണിച്ചുകൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതോടൊപ്പം ഒരു ഭിന്നശേഷിക്കും സ്വപ്‌നങ്ങളിൽ നിന്ന് നിങ്ങളെ പിടിച്ചുകെട്ടാനാകില്ലെന്നും…”
ഖത്തർ ഫിഫ ലോകകപ്പ് അംബാസിഡറായി നിയോഗിക്കപ്പെട്ട, ഗാനിം അൽ മുഫ്താഹെന്ന ഭിന്നശേഷിക്കാരൻ പറഞ്ഞ വാക്കുകൾ ആണിത്.ലോകകപ്പ് ഉത്ഘാടന വേദിയിൽ ഇന്നലെ നമ്മൾ കണ്ട കാഴ്ചയാകട്ടെ വലിയവനും ചെറിയവനും തമ്മിൽ… കറുത്തവനും വെളുത്തവനും തമ്മിൽ….
യാതൊരു വ്യത്യാസവുമില്ലാത്ത ഫുട്ബോൾ കളിപോലെ തെളിവാർന്ന നിമിഷങ്ങൾ.
ലോകത്തിലെ ഏറ്റവും ചടുലവും കരുത്തുറ്റതുമായ മാന്ത്രിക കാലുകളെയും ഫുട്ബാള് പ്രേമികളെയും
ലോകകപ്പ് വേദിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ഇരുകാലുകളും ഇല്ലാത്ത ഗാനിം അൽ മുഫ്താഹ് എന്ന ഭിന്നശേഷിക്കാരൻ കടന്നുവരുമ്പോൾ ലോകമൊന്നാകെ മനസുകൊണ്ട് എഴുന്നേറ്റു .അരക്ക് താഴേക്ക് വളർച്ചയില്ലാത്ത ആ ഇരുപതുകാരൻ ഫുട്‌ബോൾ കളിക്കും, റോക്ക് ക്ലൈംബിംഗ് ചെയ്യും, നീന്തും, സ്‌കൂബ ഡൈവ് ചെയ്യും; ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബൽ ഷാംസ് കയറിയ മുഫ്തയ്ക്ക് എവറസ്റ്റ് കീഴടക്കണമെന്നാണ് മോഹം. ഉയരങ്ങൾ കീഴടക്കാനുള്ള മോഹങ്ങൾക്ക് മുന്നിൽ ഈ ഉയരക്കുറവ് ഒരു തടസ്സമേ അല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ കുഞ്ഞു മനുഷ്യൻ. ഫിഫ ലോകകപ്പിന്റെ മാത്രമല്ല ,മുഫ്താഹ് മനുഷ്യത്വത്തിന്റേയും അതിജീവനത്തിന്റേയും അംബാസിഡറാകുന്ന കാഴ്ചയാണ് ലോകം ഇന്നലെ കണ്ടത്.
ഭിന്നശേഷിക്കാരനായ ഗാനിം അൽമുഫ്താഹും അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനും കൈകോർത്തപ്പോൾ നമ്മൾ അനുഭവിച്ചത് മനുഷ്യവംശത്തിന്റെ തുല്യത കൂടിയാണ് .ഭാഷ, ദേശം, ജാതി ,മതം, ആരോഗ്യം എന്നിവയിലോക്കെ ഉണ്ടാകുന്ന വേലിക്കെട്ടുകള് തകർക്കാൻ, ലോകകപ്പ് ഉൽഘാടന വേദിയിൽ നിന്നും ഇതിനേക്കാൾ മനോഹരമായ കാഴ്ചയില്ല.വംശവെറിക്ക്, മതഭ്രാന്തിന്, യൂറോപ്പിന്റെ പരിഹാസങ്ങൾക്ക് ഒക്കെയുള്ള മറുപടിയായിരുന്നു ആ കൈകോർക്കൽ.ഒരു ഫുട്ബോൾകളി പോലെ തോന്നി ഇന്നലത്തെ ഉദ്‌ഘാടനചടങ്ങും.
ഒരു സ്വപ്‌നവും വലുതല്ലെന്ന് കാണിച്ച് തരുന്ന, ഒരു ഭിന്നശേഷിക്കും സ്വപ്‌നങ്ങളിൽ നിന്ന് നിങ്ങളെ അകറ്റാനാവില്ലന്ന് കാണിച്ചുതരുന്ന ഈ പോരാളിയാണ് ഈ വേൾഡ് കപ്പിലെ ഏറ്റവും വലിയ സന്ദേശം.ലോകം ഒരു പന്തുപോലെ ചെറുതാവുകയും,ആ പന്തിനു ചുറ്റും ലോകം മുഴുവൻ വലുതാവുകയും ചെയ്യുന്ന ദിവസങ്ങളാണ് ഇനിയങ്ങോട്ട് എന്ന് നമുക്കറിയാം.എല്ലാ മാനവികതയോടും കൂടെ നമുക്ക്ഫുടബോൾ ആസ്വദിക്കാനാവട്ടെ.
Let’s Play the game of life the same way

#WorldCup2022 #football #FIFAWorldCup #QatarWorldCup #ghanim #equality #sports

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News