Worldcup:ഖത്തര്‍ ലോകകപ്പില്‍ മെസ്സിപ്പട ഇന്നിറങ്ങും

ലോകകപ്പില്‍ ആരാധകരുടെ പ്രിയപ്പെട്ട അര്‍ജന്റീന ഇന്ന് കളത്തിലിറങ്ങും. സൗദി അറേബ്യയാണ് എതിരാളികള്‍. ഖത്തര്‍ ലോകകപ്പില്‍ മെസ്സിപ്പട ഇന്നിറങ്ങും. അജയ്യതയില്‍ അസൂറിപ്പടയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഉറപ്പിച്ചെത്തുന്ന അര്‍ജന്റീനയുടെ ആദ്യ എതിരാളി സൗദി അറേബ്യയാണ്. വൈകിട്ട് 3:30 ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഗ്രൂപ്പ് സിയില്‍ ആല്‍ബി സെലസ്റ്റകള്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ന് നാടെങ്ങുമുള്ള അര്‍ജന്റീനിയിന്‍ ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ്. മെസ്സിപ്പട ലോകകപ്പില്‍ പന്ത് തട്ടുന്നത് കാണാന്‍ ഉള്ള കാത്തിപ്പിന് ഒടുവില്‍ അറുതിയാകുന്നു. കഴിഞ്ഞ 36 മത്സരങ്ങളില്‍ തോല്‍വി അറിയാതെ വരുന്ന അര്‍ജന്റീനയ്ക്ക് എതിരാളി ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയാണ്. ലയണല്‍ സ്‌കലോനിയുടെ കീഴില്‍ ഒത്തൊരുമയുള്ള സംഘമായി മാറിയ അര്‍ജന്റീന വിജയം ശീലമാക്കിക്കഴിഞ്ഞു.

എല്ലാ പൊസിഷനുകളിലും മികച്ച കളിക്കാരുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്. ഡി മരിയയും ലൌതാരോ മാര്‍ട്ടിനെസുമെല്ലാം ഫോമിലാണ്. സൗദിയെ ഗോള്‍ മഴയില്‍ മുക്കിയുള്ള വിജയമാണ് ലയോണല്‍ സ്‌കലോനിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതേസമയം അറബ് നാട്ടിലെ മത്സരത്തില്‍ മികച്ച പോരാട്ടവീര്യം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ഹെര്‍വ് റെനാദിന്‍ പരിശീലകനായ സൗദി അറേബ്യ. സലിം അല്‍ദവ്‌സരി, നായകന്‍ സല്‍മാന്‍ അല്‍ ഫറാജ്, നവാബ് അല്‍ ആബിദ് എന്നിവരാണ് പ്രധാന താരങ്ങള്‍.

വിദേശ ലീഗുകളില്‍ മത്സര പരിചയമുള്ള താരങ്ങള്‍ ഇല്ലാത്തതാണ് ടീമിന്റെ പ്രധാന പോരായ്മ. കാലാവസ്ഥ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ അനുകൂലമെന്നതിനാല്‍ ചരിത്രത്തിലെ മികച്ച പോരാട്ടത്തിനാണ് സൗദി തയാറെടുക്കുന്നത്. വിജയം മാത്രം ലക്ഷ്യമിട്ട് ആല്‍ബി സെലസ്റ്റകളും പ്രതിരോധിക്കാന്‍ ഉറച്ച് ഫാല്‍ക്കണ്‍സും പോരിനിറങ്ങുമ്പോള്‍ ലുസൈല്‍ സ്റ്റേഡിയം ആവേശക്കടലായി മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News