തരൂരിന്റെ രംഗപ്രവേശത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് ചേരിപ്പോര് രൂക്ഷം|Shashi Tharoor

ശശി തരൂരിന്റെ രംഗപ്രവേശത്തോടെ കേരളത്തിലെ കോണ്‍ഗ്രസിലെ ചേരിപ്പോര് പുതിയ ദിശയിലേക്ക് കടന്നിരിക്കുകയാണ്. കെപിസിസി അധ്യക്ഷന്റെ പരസ്യപ്രതികരണ വിലക്കിനെയും മറികടക്കുമെന്ന നിലയില്‍ തരൂരിന്റെ മറുപടി കൂടി വന്നതോടെ രൂക്ഷമായ ഗ്രൂപ്പ് പോരിലേക്ക് കാര്യങ്ങള്‍ മാറി. ഔദ്യോഗിക വിഭാഗത്തിലെ വിള്ളലും പ്രധാന ഗ്രൂപ്പ് ലീഡര്‍മാര്‍ തരൂരിനൊപ്പം ചേര്‍ന്നതും വി ഡി സതീശന്‍ അനുകൂലികള്‍ക്ക് തിരിച്ചടിയായി.

കോഴിക്കോടിലെ സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയത് അന്വേഷിക്കണമെന്ന നിലപാടിലാണ് തരൂര്‍. സുധാകരന്റെ വിലക്കിനെയും തരൂര്‍ പരസ്യപ്രതികരണത്തോടെ മറികടക്കുകയാണ്. ഉറച്ച നിലപാടില്‍ തന്നെയാണ് തരൂരിന്റെ നീക്കങ്ങള്‍ എന്ന് വ്യക്തം. ഇതാണ് വി ഡി സതീശനെയും ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും അസ്വസ്ഥപ്പെടുത്തുന്നത്. തരൂര്‍ കേരളത്തില്‍ ഇറങ്ങിയത് വെറുതെയല്ലെന്ന് അവര്‍ കണക്കുകൂട്ടുന്നു. പ്രവര്‍ത്തകരോട് ബന്ധമില്ലാത്ത ആളാണ് തരൂരെന്ന ഈ നേതാക്കളുടെ വിമര്‍ശത്തിന് മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍. എ ഗ്രൂപ്പിന്റെ പിന്തുണയും തരൂരിനൊപ്പം. ഘടകകക്ഷികള്‍ കൂടി തരൂരിനായി രംഗത്തിറങ്ങിയാല്‍ എഐസിസിക്കും മാറി ചിന്തിക്കേണ്ടിവരും.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മുരളീധരന്‍ കൂടി രംഗത്ത് എത്തിയതോടെ ഒഴുക്കിനൊപ്പം നീന്താനാണ് സുധാകരന്റെയും തീരുമാനം. തരൂരിന്റെ പരിപാടി മുടക്കാന്‍ വി ഡി സതീശന്‍ വിഭാഗം നടത്തിയ നീക്കങ്ങള്‍ തിരിച്ചടിയായെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. തരൂരിന് ഇത് കൂടുതല്‍ ഗുണമായെന്നും മാധ്യമ ശ്രദ്ധ കിട്ടിയെന്നും ഇവര്‍ വാദിക്കുന്നു. ഇക്കാര്യത്തില്‍ കെ.സി. വേണുഗോപാലിനും അതൃപ്തിയുണ്ട്. ഫലത്തില്‍ വിശാല ഐ വിഭാഗത്തില്‍ വലിയ വിള്ളല്‍ വന്നു. സുധാകരനും വി ഡി സതീശനും രണ്ടു തട്ടില്‍. കലങ്ങിമറിയുകയാണ് കേരളത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്്രടീയം. അതൃപ്തരെല്ലാം തരൂരിന്റെ പാളയത്തിലേക്ക് ചേക്കേറിയാല്‍ നിലവിലെ ഔദ്യോഗിക നേതൃത്വത്തിന് അത് തിരിച്ചടിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here