ADVERTISEMENT
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി അതിരൂക്ഷം. അശോക് ഗെഹ്ലോട്ടിനെ നീക്കി പകരം സച്ചിന്‍ പൈലറ്റിനെ കൊണ്ടു വരണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വീണ്ടും രംഗത്ത് വന്നു. ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച നേതാക്കള്‍ക്ക് എതിരെ ഉടന്‍ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുമ്പോഴും കോണ്‍ഗ്രസില്‍ പ്രതിസന്ധി അതിരൂക്ഷമായി തന്നെ തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെഹ്ലോട്ടിനെ നീക്കി പകരം സച്ചിന്‍ പൈലറ്റിനെ കൊണ്ടു വരണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വീണ്ടും രംഗത്ത് എത്തി. സച്ചിന്‍ പൈലറ്റിന്റെ കഠിനാദ്ധ്വാനമാണ് സംസ്ഥാനത്ത് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ചത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ് എന്നാണ് വിമത നേതാക്കളുടെ അഭിപ്രായം. സച്ചിന്‍ പൈലറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം എത്രയും വേഗം തീരുമാനം കൈക്കൊള്ളണമെന്ന് മന്ത്രി ഹേമാറാം ചൗധരി ആവശ്യപ്പെട്ടു.
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തലവേദനയാകുന്നു. പാര്‍ട്ടിയില്‍ കലാപമുണ്ടാക്കിയവര്‍ക്കെതിരെ നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മൂന്നാഴ്ച മുമ്പ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. വിഭാഗത്തിനെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് അജയ് മാക്കന്‍ ചുമതലയില്‍നിന്ന് ഒഴിഞ്ഞിരുന്നു. പൊതുപരിപാടിക്കിടെ വേദി പങ്കിടവെ, അശോക് ഗെഹ്ലോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് കോണ്‍ഗ്രസിനെക്കാള്‍ ഗെഹ്ലോട്ടിന് ബിജെപി ഇഷ്ടമായതുകൊണ്ടാണെന്ന് സച്ചിന്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടിക്ക് അധികാരമുള്ള സംസ്ഥാനങ്ങളിലെ അന്തഛിദ്രം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.