ഖത്തർ ലോകകപ്പ്; ഇന്ന് നാല് മത്സരങ്ങള്‍, അര്‍ജന്റീനയും ഫ്രാന്‍സും കളത്തില്‍ ഏറ്റുമുട്ടും

ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് ലോകകപ്പില്‍ പന്തുതട്ടും. സൗദി അറേബ്യയാണ് എതിരാളികള്‍. അര്‍ജന്റീയുടേതുള്‍പ്പടെ നാല് മത്സരങ്ങളാണ് ഇന്ന് നടക്കുക. ലോകചാമ്പ്യന്മാരായ ഫ്രാന്‍സും ഇന്ന് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കും.

അര്‍ജന്റീന – സൗദി അറേബ്യ

ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിലാണ് അര്‍ജന്റീനയും സൗദി അറേബ്യയും ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്കാണ് കളി ആരംഭിക്കുന്നത്. 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിലാണ് മെസിയും കൂട്ടരും പന്ത് തട്ടുന്നത്. അര്‍ജന്റീന സൗദിക്കെതിരെ ഗോള്‍ മഴ പെയ്യിക്കുമെന്നാണ് ആരാധകരുടേയും നിരീക്ഷകരുടേയും വിലയിരുത്തല്‍.

ഡെന്മാര്‍ക്ക് – ടുണീഷ്യ

ഗ്രൂപ്പ് ഡിയിലെ മത്സരത്തിലാണ് ഡെന്മാര്‍ക്കും ടുണീഷ്യയും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ നാല് ലോകകപ്പുകളിലും ആദ്യ മത്സരം ജയിക്കാന്‍ ഡെന്മാര്‍ക്കിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമിന്റെ ആത്മവിശ്വാസവും ഉയരത്തിലായിരിക്കും. ക്രിസ്റ്റ്യന്‍ എറിക്സണിന്റെ ഫോം ഡെന്മാര്‍ക്കിന് തുണയാകും. മറുവശത്ത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിനാണ് ടുണീഷ്യ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം.

മെക്സിക്കൊ – പോളണ്ട്

ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍‍‍ഡോസ്കിയുടെ പോളണ്ട് മെക്സിക്കോയെ നേരിടും. പ്രീ ക്വാര്‍ട്ടറില്‍ പുറത്താകുന്ന പതിവ് ശീലം മാറ്റുക എന്ന ലക്ഷ്യമായിരിക്കും മെക്സിക്കോയ്ക്ക് മുന്നിലുള്ളത്. 1986-ലെ ലോകകപ്പിന് ശേഷം ഗ്രൂപ്പ് ഘട്ടം കടക്കാന്‍ പോളണ്ടിനുമായിട്ടില്ല. അര്‍ജന്റീനയ്ക്കെതിരെ മത്സരം വരാനിരിക്കെ ഇരുടീമുകള്‍ക്കും ഇന്നത്തെ കളി നിര്‍ണായകമാണ്. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്ക്കാണ് മത്സരം.

ഫ്രാന്‍സ് – ഓസ്ട്രേലിയ

ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഇറങ്ങുക. ഓസ്ട്രേലിയയാണ് എതിരാളികള്‍. ലോകകപ്പിലെ തന്നെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് ഫ്രാന്‍സ്. കരിം ബെന്‍സിമയ്ക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയാണ്. എന്നിരുന്നാലും പോരായ്മ നികത്താന്‍ കഴിവുറ്റ താരങ്ങള്‍ ചാമ്പ്യന്മാര്‍ക്കുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-നാണ് മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News