Drishyam2: ബോളിവുഡിന് പുത്തനുണർവായി ദൃശ്യം 2 തരംഗമാകുന്നു

കൊവിഡിന് ശേഷം ബോളിവുഡ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഒന്നൊന്നായി തകർന്നടിയുമ്പോൾ പുത്തൻ പ്രതീക്ഷയുമായി ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പ് വലിയ വിജയമാകുന്നു.

മലയാളത്തിന് നഷ്ടമായ തിയറ്റർ അനുഭവമാണ് ബോളിവുഡ് സിനിമാ പ്രേമികൾ ഇപ്പോൾ ആഘോഷമാക്കുന്നത്. ചെറിയ മാറ്റങ്ങളുമായി ഒറിജിലിനെ വെല്ലുന്ന ഹിന്ദി പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് അവകാശവാദങ്ങൾ. സമൂഹ മാധ്യമങ്ങളിൽ അജയ് ദേവ്ഗണിനും ജീത്തു ജോസഫിനും അക്ഷയ് ഖന്നയ്ക്കും അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയാണ്. ഇങ്ങനെ വേണം റീമേക്ക് ചെയ്യാൻ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

2015-ൽ ദൃശ്യത്തിന്‍റെ ആദ്യ പതിപ്പിന്റെ റീമേക്കും അജയ് ദേവ്ഗണിനെ നായകനാക്കി പുറത്ത് വന്നിരുന്നു. അന്ന് വലിയ ബോക്സ് ഓഫീസ് വിജയം കണ്ടില്ലെങ്കിലും ചിത്രത്തിന് വടക്കേ ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിക്കാൻ നിമിത്തമായി.

മോഹൻലാലിനെ ശീലമായവർക്കും ദൃശ്യത്തിൽ അജയ് ദേവ്ഗൺ കാഴ്ച വച്ച അഭിനയം മികച്ചതാണെന്ന അഭിപ്രായമാണ് പങ്ക് വച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഡയലോഗ് ഡെലിവെറിയിൽ അജയ് ദേവ്ഗൺ പാലിച്ച മിതത്വവും വൈകാരികതയും സസ്പെൻസ് ത്രില്ലറായ ചിത്രത്തിന് യോജിക്കുന്ന രീതിയിലായിരുന്നുവെന്നാണ് വിശകലനം ചെയ്തിരിക്കുന്നത്.

മലയാളം പതിപ്പിൽ ഇല്ലാത്ത ഘടകങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുത്തി തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പ്. ഇതിനെ കുറിച്ച് സംവിധായകനായ അഭിഷേക് പഥക് പറയുന്നത് ഫ്രെയിം ടു ഫ്രെയിം റീമേക്ക് ചെയ്യുന്നതിൽ അർത്ഥമില്ലെന്നാണ്. അങ്ങനെ ചെയ്താൽ ഒരു സംവിധായകനെന്ന നിലയിൽ ഒന്നും ചെയ്യാനില്ലെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

അജയ് ദേവ്ഗൺ നായകനായ ഹിന്ദി പതിപ്പിന്റെ ജനപ്രീതി മോഹൻലാൽ നായകനായ ഒറിജിനലിനെ പോലും മറികടന്നുവെന്നാണ് അഭിഷേക് അവകാശപ്പെടുന്നത്. ഹിന്ദി പ്രേക്ഷകർക്ക് ദൃശ്യം എന്നാൽ ജോർജ് കുട്ടിയേക്കാൾ അജയ് ദേവ്ഗൺ അവതരിപ്പിച്ച വിജയ് സൽഗോങ്കറുമായാണ് കൂടുതൽ ബന്ധപ്പെടാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളം സീക്വൽ ഇറങ്ങിയിട്ടും ഹിന്ദി പതിപ്പ് ആദ്യം കാണണമെന്ന ആഗ്രഹം കൊണ്ട് പലരും കാണാതിരിക്കുകയായിരുന്നുവെന്നും അഭിഷേക് പറയുന്നു. 50 കോടി നിർമ്മാണ ചിലവിൽ പൂർത്തിയായ ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത് 65 കോടി രൂപയാണ്. 500 കോടി മറി കടക്കുമെന്നാണ് ട്രേഡ് പണ്ഡിറ്റുകൾ പ്രവചിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News