
ഖത്തറിലെ ഫുട്‌ബോള്‍ പൂരം വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകളുടെ മഞ്ഞുരുക്കുമെന്നും ജനങ്ങള്‍ക്കിടയിലെ അകല്‍ച്ചയകറ്റുമെന്നും എംഎല്‍എ കെ ടി ജലീല്‍.
കുറിപ്പ്
സിനിമാ ലോകത്തെ എക്കാലത്തെയും ഇതിഹാസമാണ് മോര്‍ഗന്‍ ഫ്രീമാന്‍. അഭിനയ മികവിനൊപ്പം ശബ്ദ ഗാംഭീര്യവും അകമ്പടി ചേര്‍ന്നപ്പോള്‍ ആരാധകരുടെ കണ്‍കണ്ട ദൈവമായി മാറിയ മഹാനടന്‍.
ലോക പ്രശസ്തനായ അമേരിക്കന്‍ അഭിനയ ചക്രവര്‍ത്തിയായ ഫ്രീമാന്‍, ഓസ്‌കാര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനും അഞ്ചു തവണ സ്വന്തമാക്കി. ഒരു തവണ ഓസ്‌കറും ഗോള്‍ഡന്‍ ഗ്ലോബും നേട്ടത്തിന്റെ പട്ടികയില്‍ എഴുതിച്ചേര്‍ത്തു.
മോര്‍ഗന്‍ ഫ്രീമാന്റെ ശബ്ദത്തിന് മാന്ത്രിക ശക്തിയുണ്ടെന്നാണ് ആരാധകരുടെ ഭാഷ്യം. എങ്ങനെ മരിക്കാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് ഒരാള്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്; ‘ക്ലിന്റ് ഈസ്റ്റ്വുഡ് എന്നെ വെടിവെക്കുന്ന പശ്ചാതലത്തില്‍ മോര്‍ഗന്‍ ഫ്രീമാന്റെ വോയ്‌സ് ഓവറില്‍ മരിക്കണം’.
എണ്‍പത്തിയഞ്ചു പിന്നിട്ട അദ്ദേഹം ഇന്നും ലോക സിനിമയില്‍ സജീവ സാന്നിദ്ധ്യമാവണമെങ്കില്‍ മോര്‍ഗന്റെ കഴിവിന്റെ ആഴം ഊഹിക്കാവുന്നതേയുള്ളൂ.
പ്രതിഭാധനനായ മോര്‍ഗന്‍ ഫ്രീമാന്‍, കഷ്ടപ്പാടുകളുടെ പര്‍വ്വങ്ങള്‍ താണ്ടിയാണ് ഉയര്‍ച്ചയുടെ ഉത്തുംഗതയിലെത്തിയത്. ഒരു മികച്ച സിനിമയില്‍ അദ്ദേഹം എത്തിപ്പെട്ടത് അമ്പതാം വയസ്സിലാണ്.
വംശവെറിയന്‍മാരുടെ നിരന്തരമായ അവഗണനകള്‍ക്കും തിരസ്‌കാരങ്ങള്‍ക്കും മോര്‍ഗനിലെ കലാകാരനെ ഊതിക്കെടുത്താന്‍ കഴിഞ്ഞില്ല.
ലോകം മുഴുവന്‍ വാഴ്ത്തപ്പെടുന്ന വെളുത്ത നിറമുള്ള സ്റ്റീരിയോടൈപ്പ് ദൈവ സങ്കല്‍പ്പത്തെ തകര്‍ത്ത ഫ്രീമാന്റെ ”ബ്രൂസ് ഓള്‍മയ്റ്റി’ എന്ന ചിത്രം വിവിധ അര്‍ത്ഥ തലങ്ങളുടെ ചിന്താ പ്രപഞ്ചമാണ് സിനിമാ ലോകത്ത് സൃഷ്ടിച്ചത്.
അമേരിക്കയുടെ അഭിമാനഭാജനത്തെ നേര്‍കണ്ണു കൊണ്ട് ഒരു വേദിയില്‍ ലോക ജനതയുടെ പരിച്ഛേദം കണ്ടത് ഇരുപത്തിരണ്ടാമത് ലോകകപ്പ് ഫുട്‌ബോളിന്റെ ഉല്‍ഘാടന ചടങ്ങിലാകും. ഫ്രീമന്‍ ആര്‍ത്തിരമ്പുന്ന കാല്‍പ്പന്തുകളിയുടെ ആരാധകര്‍ക്കിടയിലേക്ക് പതുക്കെ കടന്നു വരുന്ന രംഗം ലോകോത്തര സിനിമയിലെന്ന പോലെയാണ് തോന്നിച്ചത്.
വേദിയുടെ മറ്റേ അറ്റത്ത് ഭിന്നശേഷിക്കാരനും മിഡിലീസ്റ്റിലെ അറിയപ്പെടുന്ന യു ട്യൂബറും പ്രായംകുറഞ്ഞ സംരഭകനുമായ ഗനീം അല്‍ മുഫ്തഹ് മോര്‍ഗന്‍ ഫ്രീമാനെ സ്വാഗതം ചെയ്തു. പിന്നെ ഇരുവരും ചലചിത്രത്തിലെന്ന പോല്‍ നടന്നടുത്തു.
ഗനീമിന്റെ അടുത്തെത്തിയ മോര്‍ഗന്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്തു. ചെകിടടപ്പിക്കുന്ന കരഘോഷങ്ങള്‍ക്കിടയില്‍ അടുത്ത ദൃശ്യത്തിനായി കോടാനുകോടി കണ്ണുകള്‍ ഇമ വെട്ടാതെ നോക്കിയിരുന്നു.
എന്തോ ചിലത് പറയാനുണ്ടെന്ന മട്ടില്‍ മോര്‍ഗന്‍ ആ ചെറിയ മനുഷ്യനെ മുഖാമുഖം കാണാന്‍ നിലത്തിരുന്നു. ആറടി രണ്ടിഞ്ച് ഉയരമുള്ള മോര്‍ഗന്‍ ഫ്രീമാനും കൈകള്‍ പാദമാക്കാത്ത ഗനീം അല്‍ മുഫ്തഹിനും അപ്പോള്‍ ഒരേ ഉയരത്തിലായി.
തുടര്‍ന്ന് നടന്നത് ലോകം ഇന്നോളം കേള്‍ക്കാത്ത ചില സംഭാഷണ ശകലങ്ങളാണ്. അതില്‍ സ്‌നേഹം മുറ്റി നിന്നു. സംസ്‌കാരങ്ങള്‍ സമന്വയിച്ചു. ഭാഷാ വൈജാത്യങ്ങള്‍ പൊയ് മറഞ്ഞു. വംശീയത തകര്‍ന്നടിഞ്ഞു. അംഗ പരിമിതികള്‍ അപ്രത്യക്ഷമായി. മാനവികത വളര്‍ന്ന് പന്തലിച്ചു. ശാന്തിമന്ത്രങ്ങള്‍ പ്രതിധ്വനിച്ചു. പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രസരിച്ചു. ഐക്യത്തിന്റെ പരിമളം പരന്നു. മനുഷ്യനൊന്നാണെന്ന സന്ദേശം തുളുമ്പി.
മോര്‍ഗന്‍ ഫ്രീമാന്‍ ചോദിച്ചു:
‘ഒരു വഴി മാത്രം അംഗീകരിച്ചാല്‍ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നിക്കുക?’
ഗനീം അല്‍ മുഫ്തഹ് മറുപടിയായി വിശുദ്ധ ഖുര്‍ആനിലെ ഒരു വാചകം ഉരുവിട്ടു:
‘ഹേ; മനുഷ്യരേ! നിശ്ചയം, ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യരാശിയെ വിവിധ ഗോത്രങ്ങളും വര്‍ഗ്ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. ദൈവത്തിന്റെ അടുക്കല്‍ ശ്രേഷ്ഠതയുടെ മാനദണ്ഡം ധര്‍മനിഷ്ഠയത്രെ’.
ഗനീം അല്‍ മുഫ്തഹ് തുടര്‍ന്നു:
‘നമ്മള്‍ ഈ ഭൂമിയില്‍ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയാണ്. അതുകൊണ്ടു തന്നെ പരസ്പരം മനസ്സിലാക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും നിഷ്പ്രയാസം സാധിക്കും’.
മോര്‍ഗന്‍ ഫ്രീമാന്‍ ചോദിച്ചു:
‘അതെ. എനിക്കതിവിടെ കാണാന്‍ കഴിയുന്നു. ഈ നിമിഷത്തില്‍ നമ്മെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്നത് ഒരേ വികാരമാണ്. മനുഷ്യരെ ഭിന്നിപ്പിക്കുകയല്ല ചേര്‍ത്തു നിര്‍ത്തുകയാണ് വേണ്ടത്. എക്കാലവും നമുക്കത് സുദൃഢമാക്കണം. എങ്ങനെയാണ് അതിന് കഴിയുക?’
ഗനീം അല്‍ മുഫ്തഹ് പ്രത്യുത്തരമായി മൊഴിഞ്ഞു:
‘സഹിഷ്ണുതയില്‍ വര്‍ത്തിച്ചും അന്യോന്യം ബഹുമാനിച്ചും നമുക്ക് ജീവിക്കാം. ഒരു വലിയ വീട്ടിലാണ് നാം വസിക്കുന്നത്. ഇവിടെ തടിച്ചുകൂടിയിരിക്കുന്നവരെല്ലാം ക്ഷണിക്കപ്പെട്ടിരിക്കുന്നത് ഞങ്ങളുടെ വസതിയിലേക്കാണ്’.
മോര്‍ഗന്‍ ഫ്രീമാന്‍:
‘അതായത് നമ്മള്‍ ഒരു വലിയ കുടുംബമായാണ് ഒരുമിച്ച് കൂടിയിരിക്കുന്നത്. എല്ലാവരെയും ചേര്‍ത്തുവെക്കാന്‍ കഴിയുന്ന കൂടാരമാണ് വിശാലമായ ഭൂമി ‘
ഗനീം അല്‍ മുഫ്തഹ്:
‘അതെ, നമുക്കൊരുമിച്ച് നിന്ന് ഈ ലോകം മുഴുവന്‍ ഒന്നാകണമെന്ന് ആഹ്വാനം ചെയ്യാം’.
രണ്ടു ധ്രുവങ്ങളിലെന്ന് കരുതുന്ന ഇരുവരും നടു നിവര്‍ത്തി നിന്നു. മോര്‍ഗന്‍ ഫ്രീമാന്‍ ഗനീമിനു നേരെ കൈകള്‍ നീട്ടി. ഗനീം ആ കരം ഗ്രഹിച്ചു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പുതിയ പ്രഭാതങ്ങള്‍ക്കായി വെളിച്ചം മെല്ലെമെല്ലെ മാഞ്ഞു. നിര്‍ത്താത്ത കയ്യടികള്‍ കൊണ്ട് സ്റ്റേഡിയം പ്രകമ്പനം കൊണ്ടു.
ഫുട്‌ബോളിനെ മാത്രം പ്രണയിച്ചെത്തിയവര്‍ക്ക് ഖത്തറിലെ ഫുട്‌ബോള്‍ മഹോല്‍സവം ആഘോഷിച്ചു തിമര്‍ക്കാം. വിവിധോദ്ദേശ പദ്ധതിക്കാരുടെ കുശുകുശുക്കലുകള്‍ യഥാര്‍ത്ഥ ഫുട്‌ബോള്‍ ഭ്രമത്തിന്റെ ആരവങ്ങളില്‍ അലിഞ്ഞില്ലാതാകും.
കാല്‍പ്പന്തുകളിയെ ധ്യാനിച്ചെത്തിയവരുടെ പറുദീസയായി തമീം അല്‍താനിയുടെ നാട് മാറിയത് എത്ര വേഗമാണ്.’ലോകമേ തറവാടെന്ന’ ഭാരതീയ ദര്‍ശനവും മൈതാനത്തെ ഇന്ത്യന്‍ സാന്നിദ്ധ്യത്തിലൂടെ മനസ്സുകള്‍ കീഴടക്കും. ഖത്തറിലെ ഫുട്‌ബോള്‍ പൂരം വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകളുടെ മഞ്ഞുരുക്കും. ജനങ്ങള്‍ക്കിടയിലെ അകല്‍ച്ചയകറ്റും. തീര്‍ച്ച.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here