Shashi Tharoor: ശശി തരൂർ ഇന്ന് കണ്ണൂരിൽ; തലശ്ശേരി അതിരൂപതാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും

വിവാദങ്ങൾക്കിടെ കോൺഗ്രസ്സ് നേതാവ് ശശി തരൂർ(shashi tharoor) ഇന്ന് കണ്ണൂരിലെത്തും. തലശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുമായി ബിഷപ്പ് ഹൗസിൽ വച്ച് തരൂർ കൂടിക്കാഴ്ച നടത്തും. ജവഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറി ആൻഡ് റിസേർച്ച് സെന്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ നെഹ്രു അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന സെമിനാർ തരൂരിനുള്ള വിലക്കിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു.

അതേസമയം, ശശി തരൂരിനെതിരെ ഗുരുതര വിമര്‍ശനവുമായി വി ഡി സതീശൻ കഴിഞ്ഞ ദിവസമേ രംഗത്തെത്തിയിരുന്നു. തരൂരിനെതിരെയുള്ള അതൃപ്തി പരസ്യമാക്കിയാണ് വി ഡി സതീശന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ല.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ആരുശ്രമിച്ചാലും അത് വെച്ചുപൊറുപ്പിക്കില്ല. കോണ്‍ഗ്രസിനെതിരായ ഒരുമൂവ്‌മെന്റും അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. തരൂര്‍ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ ഇടം ഉണ്ട്. എന്നാല്‍ സമാന്തര പ്രവര്‍ത്തനത്തിന് ഇനി അനുവദിക്കില്ല. ആരായാലും അതിന് അനുവദിക്കില്ല. മാധ്യമങ്ങളുടെ ചില തലക്കെട്ടുകളില്‍ അജന്‍ഡയുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ടയാണ് നടക്കുന്നത്. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ സൂചി കൊണ്ട് കുത്തിയാല്‍ പൊട്ടും-വി ഡി സതീശന്‍ പറഞ്ഞു.

വി ഡി സതീശന്റെ ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നല്‍കാൻ ശശി തരൂരും മറന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തനിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. താനിത് വരെയും ഒരു ഗ്രൂപ്പിന്റെയും ആളായിട്ടില്ല. ഗ്രൂപ്പ് ഉണ്ടാക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും തരൂര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News