ADVERTISEMENT
കോൺഗ്രസിന്റേത് ഗതികെട്ട അവസ്ഥയെന്ന് ബിനോയ് വിശ്വം എംപി. അതുകൊണ്ടാണ് ശശി തരൂരിനെ ചൊല്ലി കലഹിക്കുന്നത്. പ്രധാന രാഷ്ട്രീയ വിഷയങ്ങൾ ഒന്നും ചർച്ചയാകുന്നില്ല. കോൺഗ്രസ് ഏറ്റവും കുറഞ്ഞത് ഗാന്ധി – നെഹ്‌റു പാരമ്പര്യം ഉയർത്തി പിടിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വിമർശിച്ചു.
വാർത്തകളുടെ തലക്കെട്ടിന് വേണ്ടി മാത്രമായാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ഭരണം അവസാനിക്കണം എന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. അതിന് കോൺഗ്രസ് രാഷ്ട്രീയം പറയണം. കോൺഗ്രസ് മനപ്പൂർവമായി രാഷ്ട്രീയം പറയാതിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാൻമന്ത്രി ഫസൽ ബീമാ യോജന (വിള ഇൻഷുറൻസ്) പദ്ധതിയുടെ മറവിൽ വൻ കൊള്ള നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1.265 ലക്ഷം കോടി ആണ് പദ്ധതിക്കായി മാറ്റിവെച്ചത് . എന്നാൽ വിളനാശം വന്ന കർഷകർക്ക് കിട്ടിയത് 87326 കോടി രൂപ മാത്രമാണ്. സർക്കാറിന് പ്രിയപ്പെട്ട സ്വകാര്യ ഇൻഷുറൻസ് കമ്പനികളാണ് പദ്ധതി കൈകാര്യം ചെയ്തത്. 39201 കോടി രൂപ കമ്പനികൾ കൊള്ളയടിച്ചു.
പ്രധാനമന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. വിള ഇൻഷുറൻസ് പദ്ധതിയിൽ സിഎജി ഓഡിറ്റ് നടത്തണം. കുറ്റക്കാരായ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തണം. പുറത്ത് വന്ന രേഖകളിൽ നിന്ന് തട്ടിപ്പ് വ്യക്തമാണ്. ഒഡിഷയിൽ നിന്നുള്ള കേന്ദ്രമന്ത്രി തന്നെ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.