മംഗലാപുരം സ്ഫോടനം; കർണാടക സർക്കാർ NIA അന്വേഷണം ആവശ്യപ്പെടും

മംഗലാപുരം ഓട്ടോറിക്ഷാ സ്ഫോടനം കർണാടക സർക്കാർ എൻ ഐ എ അന്വേഷണം ആവശ്യപ്പെടും. ആഭ്യന്തര മന്ത്രിയും ഡിജിപിയും സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.

ഓട്ടോറിക്ഷയിൽ സ്‌ഫോടനം നടന്ന മംഗലാപുരം നാഗൂരിയിൽ രാവിലെയാണ് കർണാടക ആഭ്യന്തര മന്ത്രി അരഗ നാഗേന്ദ്രയും ഡിജിപി പ്രവീൺ സൂദും സന്ദർശിച്ചത്. സ്‌ഫോടനത്തിൽ തകർന്ന ഓട്ടോറിക്ഷയും പരിശോധിച്ചു. സംഭവത്തെക്കുറിച്ച് എൻ ഐ എ സംഘം നിലവിൽ അന്വേഷണം നടത്തുന്നുണ്ട്. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തി വരികയാണെന്നും , അന്വേഷണം ഏറ്റെടുക്കാൻ എൻ ഐ എയോട് ആവശ്യപ്പെടുമെന്നും ആഭ്യന്തര മന്ത്രി അരഗ നാഗേന്ദ്ര പറഞ്ഞു.

പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഓട്ടോ ഡ്രൈവർ പുരുഷോത്തമ പൂജാരിയെ സന്ദർശിച്ച മന്ത്രി സർക്കാർ സഹായമായി 50000 രൂപ കൈമാറി. ചികിത്സ സർക്കാർ ഏറ്റെടുത്തു. പ്രതി ഷാരിഖിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്താൽ മാത്രമേ വിശദമായി ചോദ്യം ചെയ്ത് സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാവൂ.. വലിയ സ്ഫോടനമാണ് ലക്ഷ്യമിട്ടത്.. അബദ്ധത്തിൽ പ്രഷർ കുക്കർ ബോംബ് പൊട്ടിയതോടെ വ്യാപ്തി കുറയുകയായിരുന്നു.

വ്യാജ പേരിൽ ഷാരിഖ് തമിഴ്നാട്ടിലും കേരളത്തിലുമെല്ലാം യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിലവിൽ 4 പേരിൽ നിന്ന് അന്വേഷണം സംഘം വിവരങ്ങൾ ശേഖരിച്ചു വരികയാണ്. നാഗർ കോവിൽ , കൊച്ചി, കന്യാകുമാരി , ബംഗളൂരു, മൈസൂർ തുടങ്ങി എട്ടോളം കേന്ദ്രങ്ങളിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here