ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തു; പ്രതികള്‍ പിടിയില്‍

ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയ സംഘം മലപ്പുറം മഞ്ചേരിയില്‍ പിടിയില്‍. രണ്ടു ലക്ഷം രൂപ നല്‍കിയാല്‍ 4 മാസം കൊണ്ട് 8 ലക്ഷമോ എട്ട് ലക്ഷം രൂപയുടെ വീടോ തിരിച്ചു നല്‍കുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.

മാസങ്ങളായി നടത്തിവന്ന തട്ടിപ്പില്‍ നൂറോളം പേരാണ് ഇരകളായത്. രഹസ്യവിവരം ലഭിച്ച പൊലീസ് ഇത് നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നായിരുന്നു റെയ്ഡും അറസ്റ്റും. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍,പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ഹുസൈന്‍ ടി.കെ , പാലക്കാട് അലനല്ലൂര്‍ സ്വദേശി ഷൗക്കത്തലി സി എന്നിവരാണ് പിടിയിലായത്.
എന്റെ ഉസ്താദിന് ഒരു വീട് എന്ന പേരില്‍ പത്രമാധ്യമങ്ങള്‍ വഴിയും മറ്റും പരസ്യം ചെയ്ത് ജനങ്ങളെ ആകര്‍ഷിച്ചായിരുന്നു തട്ടിപ്പ്.

കൂപ്പണ്‍ വഴിയും, മുദ്ര പേപ്പര്‍ വഴിയും ആണ് പണം ശേഖരിച്ചിട്ടുള്ളത്. ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ ആണ് പലരില്‍ നിന്നും ഇവര്‍ ശേഖരിച്ചിട്ടുള്ളത്. 2 ലക്ഷം തന്നവര്‍ക്ക് 4 മാസത്തിനു ശേഷം 8 ലക്ഷത്തിന്റ വീട് വെച്ച് നല്‍കുമെന്ന് പറഞ്ഞാണ് പണം ശേഖരിച്ചതെങ്കിലും ആര്‍ക്കും വീട് നല്‍കിയില്ല.

ഇവരുടെ കേന്ദ്രത്തില്‍ പരിശോധന നടത്തിയ പൊലീസ് 59 ലക്ഷം രൂപ കണ്ടെടുത്തു. തട്ടിപ്പ് സംഘം 93-പേരില്‍നിന്നായി ഒരു കോടി 20 – ലക്ഷം രൂപ പിരിച്ചെടുത്തതായാണ് പൊലീസ് കണ്ടെത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here