അണികളെ അഴിക്കുള്ളിലാക്കി ഷാഫിയും മാങ്കൂട്ടവും ഖത്തറില്‍

യൂത്ത് കോണ്‍ഗ്രസ് സാധാരണ പ്രവര്‍ത്തകരെയും ജില്ലാ നേതാക്കളെയും സമരത്തിനിറക്കി വിട്ട ശേഷം ഫുട്‌ബോള്‍ ലഹരിയില്‍ ഖത്തറിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖവുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഔദ്യോഗിക ഗ്രൂപ്പുകളില്‍ ഉയരുന്നത്.

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലും തിരുവനന്തപുരത്തെ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെയും, പ്രവര്‍ത്തകരുടെയും ഇടയിലും പ്രതിഷേധം ശക്തമാണ്. ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെ ഗ്രൂപ്പുകളില്‍ വലിയ വിമര്‍ശനം നേതാക്കള്‍ തന്നെ പങ്കുവെച്ചു.

കഴിഞ്ഞ 16 ദിവസമായി യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ പേരില്‍ അറസ്റ്റിലായ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ പതിനേഴാം തീയതി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായ ഷാഫി പറമ്പില്‍ തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ സമരം ഉദ്ഘാടനം ചെയ്ത ദിവസവും ഈ മൂന്ന് സഹപ്രവര്‍ത്തകര്‍ പൂജപ്പുര ജയിലിലായിരുന്നു. അവരെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ അവരുടെ കുടുംബത്തിന് ആശ്വാസം പകരുവാനോ സംഘടനയുടെ സംസ്ഥാന അധ്യക്ഷന് സമയമുണ്ടായിരുന്നില്ല. ഇതാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.ഈ സംഘര്‍ഷങ്ങളും അറസ്റ്റുകളും നടക്കുമ്പോള്‍ പ്രവര്‍ത്തകരെ പെരുവഴിയിലാക്കി ഷാഫി മുങ്ങിയെന്നാണ് വിമര്‍ശനം.

ഞങ്ങള്‍ക്ക് ഷോ പൊളിറ്റിക്‌സും , സെലിബ്രിറ്റി പൊളിറ്റിക്‌സും , സമയം തീരെ ഇല്ലാത്തതുമായ നേതാക്കളെ വേണ്ട എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗ്രുപ്പുകളിലെ വിമര്‍ശം.യുവജന വിഷയങ്ങളിലും സമരത്തിലും വ്യക്തമായ മറുപടി പറയാത്ത നേതാക്കള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ട്രോളി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്നും ,ഇത് തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഹേളിക്കുന്നതാണെന്നും വാട്‌സ് ഗ്രൂപ്പില്‍ പറയുന്നു.

ഷാഫി പറമ്പില്‍ തന്റെ സ്വന്തം അനുയായി കൂടെ കൊണ്ടുനടക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനെയാണ് അടുത്ത പ്രസിഡണ്ടായി മുന്നോട്ടുകൊണ്ടുവരാനായി തീരുമാനിച്ചിരിക്കുന്നത്.. എന്നാല്‍ ഒരു സെലിബ്രിറ്റി പ്രസിഡന്റ് വന്ന ക്ഷീണം യൂത്ത് കോണ്‍ഗ്രസിനെ മരണശൈലിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇനി സെലിബ്രിറ്റി പ്രസിഡന്റ് വേണ്ട എന്നുള്ളതാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള പൊതുവികാരമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഷാഫി പറമ്പിലിനും, രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് ഷാഫി പറമ്പില്‍ നും രാഹുല്‍ മാങ്കൂട്ടത്തിനും അമിത സ്വാതന്ത്ര്യം നല്‍കുന്നതെന്നാണ് ആക്ഷേപം. കോട്ടയത്ത് നടക്കുന്ന ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സതീശന്റെ ചിത്രവും ഷാഫി പറമ്പില്‍ ചിത്രവും ഒഴിവാക്കിയിരുന്നത് ഇതിനാലാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.വി ഡി സതീശന്‍ അമിതമായി ഈ രണ്ടു സെലിബ്രിറ്റി നേതാക്കള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ് വി ഡി സതീശന് എതിരായതെന്നാണ് വിമര്‍ശനം. ഇതോടെ യൂത്ത് കോണ്‍ഗ്രസിന്റെ വലിയൊരു ഭാഗം ശശി തരൂരിന് അനുകൂലമായി മാറിയെന്നും ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel