
കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ പോരിന് ഉറച്ച് ശശി തരൂര്‍.മലബാര്‍ പര്യടനത്തിന് പിന്നാലെ തെക്കന്‍,മധ്യ കേരളത്തിലും സമാനമായ രീതിയില്‍ വിവിധ പരിപാടികളില്‍ തരൂര്‍ പങ്കെടുക്കും. തരൂരിനെ തുടക്കത്തിലെ തളക്കണമെന്ന നിലപാടില്‍ വിഡി.സതീശനും രമേശ് ചെന്നിത്തലയും. തരൂരിന് രഹസ്യപിന്തുണയുമായി മുതിര്‍ന്ന നേതാക്കളും രംഗത്ത്്
ആദ്യം ഘട്ടത്തില്‍ തരൂരിനെ ഭയക്കുന്നത് ആരൊക്കെയെന്ന ചോദ്യമാണ് ഉയര്‍ന്നതെങ്കിലും വിഡി സതീശനും ചെന്നിത്തലയും പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വ്യക്തമായി. പരസ്യ പ്രസ്താവനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരുവിഭാഗം നേതാക്കളും കൊമ്പുകോര്‍ക്കുകയാണ്. തനിക്കെതിരെ പരസ്യമായി ഉന്നയിക്കുന്ന ആരോപണത്തിന് മാത്രം മറുപടി പറയുകയെന്നതാണ് തരൂരിന്റെ തന്ത്രം. പക്ഷെ പ്രകോപനത്തിന് വഴിമരുന്നിട്ട് സതീശ വിഭാഗവും കരുക്കള്‍ നീക്കുകയാണ്.
തരൂരിന് ഘടകകക്ഷികളുടെയും പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് വിഡി.സതീശനെ അസ്വസ്തപ്പെടുത്തുന്നത്. സംഘടനാ തെരഞ്ഞെടുപ്പില്‍ തരൂരിനെതിരെ പരസ്യ പ്രതികരണത്തിന് ഇറങ്ങിയ ചെന്നിത്തലക്കും തരൂര്‍ ഭീഷണിയാണ്. ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിലാണ് ചെന്നിത്തല തല്‍ക്കാലം സതീശനെ പിന്തുണക്കുന്നതെന്നാണ് വിവരം. എന്നാല്‍ മറുചേരിക്കെതിരെ പോരിന് ഉറച്ചാണ് തരൂരിന്റെ നീക്കം. വിദ്യാര്‍ഥി യുവജന നേതാക്കളില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും തരൂരിന് പിന്തുണ ലഭിക്കുന്നുണ്ട്. അതൃപ്ത ഗ്രൂപ്പുകളും േനതാക്കളും തരൂരിന് രഹസ്യമായി പിന്തുണ അറിയിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുമായി തരൂര്‍ മുന്നോട്ട് പോകുകയാണ്. എന്‍എസ്എസ് ആസ്ഥാനത്തെ പരിപാടിയില്‍ കൂടി തരൂര്‍ പങ്കെടുക്കുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നും തരൂരിനൊപ്പമുള്ളവര്‍ കരുതുന്നു. പാല,കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണാനുള്ള തരൂരിന്റെ നീക്കവും കൃത്യമായ കണക്ക് കൂട്ടലോടെയാണ്. തരൂരിന്റെ ഈ നീക്കങ്ങള്‍ തടഞ്ഞാല്‍ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ പോകും. എതിര്‍ത്തില്ലേല്‍ തരൂര്‍ കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കും. ഈ ആശയക്കുഴപ്പമാണ് സതീശ വിഭാഗത്തെ വലക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന മൗനവും വിഡി.സതീശനെ അലട്ടുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here