
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യാ കുറ്റം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സ്റ്റേ
പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിച്ചായിരുന്നു തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ശ്രീറാമിനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയത്. ഇതോടെ കെ എം ബഷീറിന്റെ മരണം വാഹനാപകട കേസായി മാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതി യെ സമീപിച്ചത്. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി നരഹത്യാക്കുറ്റം നിലനിര്‍ത്തണമെന്നായിരുന്നു സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കീഴ്‌ക്കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. നരഹത്യാ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ഹൈക്കാടതി പിന്നീട് അന്തിമ തീര്‍പ്പ് കല്‍പിക്കും. ശ്രീറാം വെങ്കിട്ടരാമന് കോടതി നോട്ടീസയച്ചു. കേസ് ഈ മാസം 30 ന് പരിഗണിക്കാന്‍ മാറ്റി.
വസ്തുതകള്‍ പരിശോധിക്കാതെയാണ് കീഴ്‌ക്കോടതി നരഹത്യാ കുറ്റം ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ വാദിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകട കാരണമെന്നും ശ്രീറാമിനെതിരെ സാക്ഷിമൊഴികളും ഡോക്ടറുടെ മൊഴിയുമുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വാദം പരിഗണിച്ചാണ് കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here