Thalassery: തലശ്ശേരി ഇരട്ടക്കൊലപാതകം; ഗൂഢാലോചനയെന്ന് റിമാന്റ് റിപ്പോര്‍ട്ട്

തലശ്ശേരി ഇരട്ടക്കൊലപാതകത്തിന്(Thalassery murder) പിന്നില്‍ ഗൂഢാലോചനയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. കൊലപാതകത്തിന് കാരണം ലഹരി വില്‍പ്പന ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ്. കഞ്ചാവ് വില്‍പ്പന പൊലീസില്‍ അറിയിച്ചതിലുള്ള പ്രതികാരമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികള്‍ക്ക് നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നാം പ്രതി പാറായി ബാബു മറ്റ് 9 കേസുകളില്‍ പ്രതിയാണ്.

ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് തലശ്ശേരി സിറ്റി സെന്ററിന് സമീപം ലഹരിമാഫിയ സംഘം മൂന്ന് സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത്. കുത്തേറ്റ ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചും മരിച്ചു. ലഹരി വില്‍പ്പന സംഘത്തില്‍പ്പെട്ട ജാക്‌സണും പാറായി ബാബൂവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ലഹരിവില്‍പ്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സണ്‍ മര്‍ദിച്ചിരുന്നു.

ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തുക്കളും. അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരി മാഫിയാസംഘം ഇവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടെ, കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീര്‍, ഷാനിബ് എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു. ലഹരിമാഫിയ സംഘം നടത്തിയ ഇരട്ടക്കൊലയില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News