ADVERTISEMENT
മഹാപ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസര്‍ക്കാര്‍. അരിയുടെ വിലയായ 205.81 കോടി രൂപ ഉടന്‍ അടച്ചില്ലെങ്കില്‍ സംസ്ഥാനത്തിനുള്ള ദുരന്ത നിവാരണ ഫണ്ടില്‍നിന്നോ, സംസ്ഥാനത്തിനു നല്‍കേണ്ട ഭക്ഷ്യ സബ്സിഡിയില്‍നിന്നോ പിടിക്കുമെന്നാണ് ഭീഷണി. 2018ലെ പ്രളയസമയത്ത് റേഷന്‍കടവഴി വിതരണംചെയ്ത 89,540 മെട്രിക് ടണ്‍ അരിയുടെ വിലയാണ് വട്ടിപ്പലിശക്കാരെപ്പോലെ കേന്ദ്രം പിടിച്ചുവാങ്ങുന്നത്. പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. കേന്ദ്രം വായ്പാ വിഹിതം വെട്ടിക്കുറച്ചതിനാല്‍ സാമ്പത്തിക ഞെരുക്കത്തില്‍ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ, കൂടുതല്‍ ബുദ്ധിമുട്ടിക്കുകയെന്ന സമീപനമാണ് അരിപ്പണം പിടിച്ചുവാങ്ങലിനു പിന്നില്‍.
എഫ്സിഐയില്‍നിന്നാണ് 2018ല്‍ കേരളം അരിയെടുത്തത്. രണ്ട് പ്രളയം ബാധിച്ച സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ തുക ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ കത്ത് കേന്ദ്രം പരിഗണിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി കത്തും നല്‍കി. പണം അടച്ചില്ലെങ്കില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്നോ ഭക്ഷ്യ സബ്സിഡിയില്‍നിന്നോ പിടിക്കുമെന്ന ഭീഷണിക്കത്താണ് മറുപടി ലഭിച്ചത്. ഇളവില്ലെന്നും പണം അടച്ചേ മതിയാകൂവെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയലും മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ 75 ശതമാനവും കേന്ദ്രത്തില്‍നിന്നാണ്. ഭക്ഷ്യസബ്സിഡി കിട്ടാതെ വന്നാല്‍ ഒരുകിലോ അരിക്ക് 25 രൂപ കേരളം നല്‍കേണ്ടിവരും. വര്‍ഷം 7.5 ലക്ഷം മെട്രിക് ടണ്‍ അരിയാണ് റേഷന്‍ വിതരണത്തിനായി കേന്ദ്രത്തില്‍നിന്ന് വാങ്ങുന്നത്.
ബിജെപി ഭരണ സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാതെ തന്നെ വാരിക്കോരി പണം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രളയകാലത്ത് ബുദ്ധിമുട്ടിലായ കേരളത്തോട് കരുണയില്ലാത്ത സമീപനം മുമ്പും സ്വീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിന് പണം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം വായ്പ വിഹിതം വെട്ടി കുറച്ചതിനാല്‍ സാമ്പത്തിക ഞെരുക്കത്തില്‍ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ, കൂടൂതല്‍ പ്രതിസസന്ധിയിലാക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.