Constitution: ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ലെന്ന് മുഖ്യമന്ത്രി; ജഡ്ജിമാര്‍ ഭരണഘടന നടപ്പാക്കുന്ന വിശ്വസ്തരായ സൈനികരെന്ന് ജസ്റ്റിസ് D Y ചന്ദ്രചൂഡ്

രാജ്യം ഭരണഘടനാ ദിനം(Constitution Day) ആഘോഷിയ്ക്കുന്ന അവസരത്തില്‍ ആശംസകളറിയിച്ച് പ്രമുഖര്‍. ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിസ്സാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) പറഞ്ഞു. വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഉയര്‍ന്ന ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ പോലും ഉപയോഗിക്കപ്പെടുന്നെന്നത് ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളില്‍ ഒന്നാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് രാജ്യത്ത് നടന്നുക്കൊണ്ടിരിക്കുന്നത്. ഫെഡറലിസം വിസ്മരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യന്‍ ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയെ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ ശക്തി ഭരണഘടനയാണെന്നും ഭരണഘടനയുടെ ആത്മാവ് യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയ്ക്കിടയില്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും നീതി ന്യായവ്യവസ്ഥയും പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തില്‍ കൊളീജിയം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ ഒരു സ്ഥാപനവും പെര്‍ഫക്ടല്ലെന്നും നിലവിലുള്ള സംവിധാനത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് പരിഹാരമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ന്യൂഡല്‍ഹിയില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജഡ്ജിമാര്‍ ഭരണഘടന നടപ്പാക്കുന്ന വിശ്വസ്തരായ സൈനികരാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നേരെ ആക്രമണം നടക്കുന്ന ഒരു ഘട്ടത്തിലാണ് രാജ്യം ഭരണഘടനാ ദിനം ആഘോഷിക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി. 2002ലെ ഗുജറാത്ത് കലാപം ഒരു വിഭാഗത്തെ പാഠം പഠിപ്പിയ്ക്കലായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പോലും ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News