Idukki: വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതി പിടിയില്‍

ഇടുക്കി(Idukki) നാരകക്കാനത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ വെട്ടിയാങ്കല്‍ സജിയെന്ന തോമസാണ് അറസ്റ്റിലായത്(Arrest). സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ വയോധികയെ ആക്രമിച്ച് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കഴിഞ്ഞ ബുധനാഴ്ചയാണ് നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

കൊലപാതക ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ കമ്പത്ത് നിന്നാണ് കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മോഷണശ്രമത്തിനിടെ പ്രതി ചിന്നമ്മയെ ആക്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. വെട്ടുകത്തി കൊണ്ട് ആക്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് ജീവനോടെ കത്തിച്ചു. ചിന്നമ്മ ധരിച്ചിരുന്ന ആറ് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു പ്രതിയുടെ പദ്ധതി. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ തമിഴ്‌നാട്ടില്‍ പണയപ്പെടുത്തിയതായും പോലീസ് കണ്ടെത്തി.

അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്നും തീ പടര്‍ന്ന് വീട്ടമ്മ മരണപ്പെട്ടു എന്നായിരുന്നു ആദ്യ നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചു. അന്വേഷണം ആരംഭിച്ച് രണ്ടാം ദിനം തന്നെ പ്രതിയെ പിടികൂടാനും പോലീസിനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here