ADVERTISEMENT
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി ലഭ്യമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നു വായ്പ സ്വീകരിക്കുന്നതിനാണ് അധികമായി സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ ഇക്കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നല്‍കിയത്. ഇതോടെ 845.56 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റിയാണ് കോര്‍പ്പറേഷന് ലഭിക്കുന്നത്. ഇത് വനിത വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാകും.
ഇപ്പോള്‍ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 200 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാളും 4000 ഓളം സ്ത്രീകള്‍ക്ക് അധികമായി മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 11,766 വനിതകള്‍ക്ക് 165.05 കോടി രൂപ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് വിതരണം ചെയ്തു. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 7115 വനിതകള്‍ക്ക് 109 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം 10 ലക്ഷത്തോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ വനിത വികസന കോര്‍പറേഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണിത്.
കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന വനിത വികസന കോര്‍പ്പറേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍ വായ്പാ ചാനലൈസിംഗ് ഏജന്‍സിയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ കാലങ്ങളായി സ്ഥാപനം നല്‍കി വരുന്നു.
ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 605.56 കോടി രൂപയുടെ അധിക ഗ്യാരന്റി കോര്‍പ്പറേഷന് അനുവദിച്ചു നല്‍കി. ഇതുകൂടാതെയാണ് 100 കോടിയുടെ അധിക ഗ്യാരന്റി ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.