KT Jaleel: ദൈവം ഭയമല്ല, മതം ഭയപ്പാടുമല്ല; മനുഷ്യർക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ല: കെ ടി ജലീൽ എംഎൽഎ

ഫുട്‌ബോള്‍ ആവേശം അതിരു വിടുന്നെന്നും താരാരാധന ഇസ്‌ലാമികവിരുദ്ധമാണെന്നും പറഞ്ഞ സമസ്ത നിലപാടിനെതിരെ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. മതവിലക്കുകൾ ഏറെ നിലനിൽക്കുന്ന ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ ഫുട്ബോളും സിനിമയും ജനങ്ങൾക്കേകുന്ന സന്തോഷം ചെറുതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർമിപ്പിച്ചു.

”ദൈവം ഭയമല്ല. മതം ഭയപ്പാടുമല്ല. പടച്ചവൻ സ്നേഹമാണ്. വിശ്വാസം സന്തോഷമാണ്. ആത്മീയത മനുഷ്യരുടെ ആത്മ നിർവൃതിക്കാണ്. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാൻ ആർക്കെന്തവകാശം? ദയവു ചെയ്ത് മനുഷ്യരെ വെറുതെ വിടുക. അവർ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ആമോദിച്ചും ജീവിക്കട്ടെ. ഒരു ജീവിതമല്ലേ ഉള്ളൂ”, കെടി ജലീൽ കുറിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫുട്ബോൾ തട്ടുന്ന വീഡിയോയും ജലീൽ കുറിപ്പിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല.
ജനങ്ങളെ പലതിൻ്റെയും പേരിൽ ഭിന്നിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ലോകത്ത് നടക്കുന്നത്. അത്തരമൊരു ശപിക്കപ്പെട്ട കാലത്ത് മനുഷ്യനെ ഐക്യപ്പെടുത്തുന്നതെന്തും പ്രോൽസാഹിപ്പിക്കപ്പെടേണ്ടണ്ടതാണ്.
ദേശ-ഭാഷാ-സംസ്കാര വ്യത്യാസമില്ലാതെ ലോകം കാൽപ്പന്തു കളിയിൽ ആരവം തീർക്കുന്ന കാഴ്ച മനോഹരമാണ്. വിയോജിപ്പും വിദ്വേഷവും വെടിഞ്ഞ് എണ്ണൂറു കോടി ജനങ്ങൾ കണ്ണും കാതും ഒരേ ദിശയിലേക്ക് കൂർപ്പിച്ചിരിക്കുന്ന ദൃശ്യം മാനവിക യോജിപ്പാണ് വിളംബരം ചെയ്യുന്നത്.
ദേശാതിർത്തികൾ മറന്ന് മനുഷ്യർ ദേശീയ പതാകകൾ ഏന്തുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്ന അനുഭവം അത്യന്തം ആവേശകരമാണ്. സങ്കുചിത ദേശീയതയുടെ മതിൽകെട്ടുകളാണ് ഫുട്ബോൾ ആരാധകർ തകർത്തെറിഞ്ഞിരിക്കുന്നത്.
സാമ്രാജ്യത്വത്തിൻ്റെ പഴങ്കഥകൾ പൊടിതട്ടിയെടുത്ത് ജനമനസ്സുകളിൽ അകൽച്ച പടർത്താനല്ല ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്. മാനവിക ഐക്യത്തിൻ്റെ സന്ദേശ പ്രചാരണത്തിൻ്റെ സാദ്ധ്യതകളെ കുറിച്ചാണ് നാം ഒരുമയോടെ ആരായേണ്ടത്.
ധൂർത്തിൻ്റെ പേരിലാണ് ഫുട്ബോൾ ഭ്രമത്തെ ചിലർ വിമർശിക്കുന്നത്. അങ്ങിനെയെങ്കിൽ വിവാഹ ധൂർത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമർശന പരിതിയിൽ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ? സമ്മേളന മാമാങ്കങ്ങളിലും നേർച്ചകളിലും ഉൽസവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലങ്കൃതമായ കമാനങ്ങളും സംവിധാനങ്ങളും ആർഭാടത്തിൻ്റെ ഗണത്തിൽ തന്നെയല്ലേ ഉൾപ്പെടുക?
ഫുട്ബോളിൻ്റ പേരിൽ നടക്കുന്ന “ധൂർത്ത്” അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന “ധൂർത്ത്” ന്യായമാകുന്നതിലെ “യുക്തി”ദുരൂഹമാണ്. നിയമാനുസൃതം മനുഷ്യർക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ല.
മക്കയുടെയും മദീനയുടെയും സൂക്ഷിപ്പുകാരായ രാഷ്ട്രവും ജനതയും കാൽപ്പന്തു കളിയിൽ കാണിക്കുന്ന ആവേശം ആഹ്ലാദകരമാണ്. മതവിലക്കുകൾ ഏറെ നിലനിൽക്കുന്ന ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ ഫുട്ബോളും സിനിമയും ജനങ്ങൾക്കേകുന്ന സന്തോഷം ചെറുതല്ല.
ദൈവം ഭയമല്ല. മതം ഭയപ്പാടുമല്ല. പടച്ചവൻ സ്നേഹമാണ്. വിശ്വാസം സന്തോഷമാണ്. ആത്മീയത മനുഷ്യരുടെ ആത്മ നിർവൃതിക്കാണ്. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാൻ ആർക്കെന്തവകാശം? ദയവു ചെയ്ത് മനുഷ്യരെ വെറുതെ വിടുക. അവർ പരസ്പരം ആദരിച്ചും ബഹുമാനിച്ചും ആമോദിച്ചും ജീവിക്കട്ടെ. ഒരു ജീവിതമല്ലേ ഉള്ളൂ.
(പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫുട്ബോൾ ആവേശം പ്രതിഫലിപ്പിക്കുന്ന വീഡിയോയാണ് താഴെ)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News