ADVERTISEMENT
കേരളത്തിനകത്തും പുറത്തും കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർന്നുപോരുന്ന പ്രണയപ്പകയും അതേ തുടർന്നുള്ള കൊലപാതകവും ചർച്ച ചെയ്യുന്ന സിനിമയാണ് ഹയ. എന്തുകൊണ്ട് പ്രണയക്കൊലപാതകങ്ങൾ പാടില്ലെന്ന് പറയാനുള്ള ശ്രമമാണ് തിരക്കഥാകൃത്ത് മനോജ് ഭാരതിയും സംവിധായകൻ വാസുദേവ് സനലും ചേർന്ന് നടത്തുന്നത്. അതിൽ അവർ വിജയിച്ചു എന്ന് തന്നെ പറയാം.
തിരക്കഥയിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഊഷ്‌മളമായ പല മുഹൂർത്തങ്ങൾ സിനിമയിലുണ്ട്. റേസിങ്ങ്, കോളജ്, പ്രണയം, ബ്രേക്കപ്പ് തുടങ്ങി ഒരു ടിപ്പിക്കൽ ന്യൂ ജെൻ കോളജ് പശ്ചാത്തലത്തിലാണ് സിനിമയുടെ നിലനിൽപ്പ്. സാധാരണ രീതിയിൽ നായകനു വൈറ്റ് ഷേഡും വില്ലന് ബ്ലാക്ക് ഷേഡുമാണ് ഉണ്ടാവാറ്. എന്നാൽ, അതിൽ നിന്ന് മാറി നായകനും വില്ലനും ഗ്രേ ഷേഡിലാണ് നില്പ്. നായകനും വില്ലനും തമ്മിലുള്ള ക്ലാഷ് എന്നതിനപ്പുറം സിനിമ മുന്നോട്ടുവെക്കുന്ന മറ്റ് ചില ചർച്ചകളുണ്ട്. ആ ചർച്ചകളാണ് സിനിമയുടെ പ്രസക്തി.
പുതുമുഖങ്ങളാണെങ്കിലും അഭിനേതാക്കൾ തങ്ങളുടെ റോളുകൾ വളരെ കൃത്യമായി അവതരിപ്പിച്ചു. ജോണി ആൻ്റണി, ലയ സിംപ്സൺ, ശ്രീധന്യ എന്നിവരുടെ ക്യാരക്ടർ റോളുകൾ എടുത്തുപറയേണ്ടതാണ്. ഗുരു സോമസുന്ദരം പതിവുപോലെ തൻ്റെ വേഷം വൃത്തിയായി ചെയ്തുവച്ചു.
സംഗീതമാണ് സിനിമയുടെ ആത്‌മാവ്. എല്ലാം വളരെ മികച്ച പാട്ടുകൾ. പാട്ടുകളുടെ പ്ലേസ്‌മെൻ്റ് ചിലപ്പോഴൊക്കെ പാളിയെങ്കിലും പാട്ടുകൾ രസമുള്ളതായിരുന്നു. വരുൺ സുനിലിൻ്റെ സംഗീതം സിനിമയ്ക്ക് നൽകിയ ബൂസ്റ്റ് വലുതാണ്. ആർട്ട്, സംഘട്ടനം, ക്യാമറ എന്നീ വിഭാഗങ്ങളും അഭിനന്ദനം അർഹിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.