KN Balagopal: സുസ്ഥിരവും സമഗ്രവുമായ പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാകണമെന്ന് കേരളത്തിനു വേണ്ടി ആവശ്യപ്പെട്ടു: മന്ത്രി കെഎൻ ബാലഗോപാൽ

സുസ്ഥിരവും സമഗ്രവുമായ നടപടികളും പ്രഖ്യാപനങ്ങളും 2023- 24 ലെ കേന്ദ്ര ബജറ്റിൽ ഉണ്ടാകണമെന്ന് കേരളത്തിനു വേണ്ടി ആവശ്യപ്പെട്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തശേഷം മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ വിവിധ വികസന ആവശ്യങ്ങളും സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും വിശദമായി യോഗത്തിൽ അവതരിപ്പിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി വിളിച്ചുചേർത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗം ഇന്നലെ ന്യൂഡൽഹിയിൽ ചേർന്നു. കേരളത്തിന്റെ വിവിധ വികസന ആവശ്യങ്ങളും സംസ്ഥാനങ്ങൾ നേരിടുന്ന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും വിശദമായി യോഗത്തിൽ അവതരിപ്പിച്ചു.

ജി എസ് ടി നഷ്ടപരിഹാരം പുനസ്ഥാപിക്കുക, സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വർദ്ധിപ്പിക്കുക, കിഫ്ബി- സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി എന്നിവയുടെ ഗ്യാരണ്ടി സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തുന്ന സമീപനം പിൻവലിക്കുക, ഡിവിസിബിൾ പൂളിൽ നിന്നും സംസ്ഥാനത്തിന് നൽകുന്ന ധന വിഹിതത്തിന്റെ ശതമാനത്തിൽ ധനകാര്യ കമ്മീഷൻ വരുത്തിയ കുറവ് പരിഹരിക്കുക, ഡിവിസിബിൾ പൂളിന്റെ ഒരു ഭാഗം സംസ്ഥാനങ്ങളുടെ പുത്തൻ തലമുറ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനുള്ള തനതു പദ്ധതികൾക്കായി സംസ്ഥാന ഗവൺമെന്റുകൾക്ക് നൽകുക തുടങ്ങി കേന്ദ്ര ഗവൺമെന്റിന്റെ അടിയന്തര ഇടപെടൽ വേണ്ടിവരുന്ന വിഷയങ്ങൾ അവതരിപ്പിച്ചു.

നിലവിൽ ചരക്കുസേവന നികുതിയുടെ 50 % സംസ്ഥാനങ്ങളും 50% കേന്ദ്രവും പങ്കുവെക്കുകയാണ്. എന്നാൽ ആകെ പൊതു ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമായതിനാൽ ജി.എസ്. ടി പങ്കുവയ്ക്കേണ്ടത് സംസ്ഥാനങ്ങൾക്ക് 60%, കേന്ദ്രത്തിന് 40% എന്ന നിരക്കിലാകണം എന്ന അഭിപ്രായം ഉന്നയിക്കുകയുണ്ടായി. ധനകാര്യ ഫെഡറലിസം ശക്തിപ്പെടുത്തുക എന്നത് ശക്തമായ ഭരണസംവിധാനത്തിന് ഏറ്റവും അവശ്യമായ കാര്യമാണ്.

സംസ്ഥാനങ്ങളുടെ ധനകാര്യ അവകാശങ്ങൾ കേന്ദ്ര ഗവൺമെന്റ് കവർന്നെടുക്കുന്ന നിലപാട് സ്വീകരിക്കാൻ പാടില്ല എന്ന് വിവിധ സംസ്ഥാന ധനകാര്യ മന്ത്രിമാർ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഈ നിലയിലുള്ള സുസ്ഥിരവും സമഗ്രവുമായ നടപടികളും പ്രഖ്യാപനങ്ങളും 2023- 24 ലെ കേന്ദ്ര ബജറ്റിൽ ഉണ്ടാകണമെന്നും കേരളത്തിനു വേണ്ടി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News