ADVERTISEMENT
ഫിഫ ലോകകപ്പില്‍ ബല്‍ജിയത്തെ മുട്ടുകുത്തിച്ച് മൊറോക്കോ. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫിഫ റാങ്കിങ്ങില്‍ 22-ാം സ്ഥാനത്തുള്ള മൊറോക്കോ രണ്ടാം സ്ഥാനക്കാരെ തകര്‍ത്തത്. കാനഡയ്‌ക്കെതിരായ ഇ ഗ്രൂപ്പിലെ ആദ്യ മത്സരം ജയിച്ചെത്തിയ ബല്‍ജിയത്തെ ഞെട്ടിച്ച് 73-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ അല്‍ സാബിരിയും 92-ാം മിനിറ്റില്‍ സക്കരിയ അബുക്ലാലുമാണ് ഗോളുകള്‍ നേടിയത്. കാനഡയ്‌ക്കെതിരായ മൊറോക്കോയുടെ ആദ്യ മത്സരം സമനിലയിലായിരുന്നു. ബല്‍ജിയത്തോട് ജയിച്ചതോടെ മൊറോക്കോ നാലു പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ നടന്ന 26 മത്സരങ്ങളില്‍ 14 എണ്ണവും ആദ്യ പകുതിയില്‍ ഗോളില്ലാ കളികളായിരുന്നു. ആദ്യ പകുതിയില്‍ ബെല്‍ജിയത്തിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയ മൊറോക്കോ രണ്ടാം പകുതിയില്‍ വല കുലുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഗോള്‍ നേടുക ലക്ഷ്യമിട്ട് രണ്ടാം പകുതിയില്‍ ബല്‍ജിയവും മൊറോക്കോയും പകരക്കാരെ ഗ്രൗണ്ടിലിറക്കി നോക്കി. അതിന്റെ ഗുണം ലഭിച്ചത് മൊറോക്കോയ്ക്ക്. 73-ാം മിനിറ്റില്‍ ഗോള്‍ നേടിയത് പകരക്കാരനായി വന്ന അല്‍ സാബിരി. 68-ാം മിനിറ്റിലാണ് താരം കളിക്കാനായി ഗ്രൗണ്ടിലിറങ്ങിയത്. മറുപടി ഗോള്‍ ലക്ഷ്യമിട്ട് തോമസ് മ്യൂനിയറിനെ പിന്‍വലിച്ച് 83-ാം മിനിറ്റില്‍ ബല്‍ജിയം റൊമേലു ലുക്കാക്കുവിനെ ഇറക്കി. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ അബുക്ലാലിലൂടെ മൊറോക്കോ രണ്ടാം ഗോളും നേടി.
ലോകകപ്പില്‍ ഇതുവരെ ഒരു ആഫ്രിക്കന്‍ രാജ്യത്തോടു തോറ്റിട്ടില്ലെന്ന ബല്‍ജിയത്തിന്റെ റെക്കോര്‍ഡും മൊറോക്കോ പഴങ്കഥയാക്കി. 2008ല്‍ ഒരു സൗഹൃദ മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മൊറോക്കോ 4-1ന് വിജയിച്ചിരുന്നു. ലോകകപ്പില്‍ ബല്‍ജിയത്തിന്റെ അമ്പതാം മത്സരത്തിലാണ് മൊറോക്കോ അവരെ തകര്‍ത്തുവിട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.