Vizhinjam: വിഴിഞ്ഞം സംഘര്‍ഷം; അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിഴിഞ്ഞത്തുണ്ടായ(Vizhinjam) നാശനഷ്ടങ്ങള്‍ക്ക് അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അക്രമസംഭവങ്ങളില്‍ 40 പോലീസുകാര്‍ക്ക് പരുക്കേറ്റതായും സര്‍ക്കാര്‍ വ്യക്തമാക്കി സമരക്കാര്‍ക്കെതിരെ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിക്കുന്നു ഹൈക്കോടതി. സര്‍ക്കാരിനും കോടതിക്കും പൊലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്നും പൊലീസ് നിഷ്‌ക്രിയമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

ഹരജിക്കാരായ അദാനി ഗ്രൂപ്പ് ശക്തമായ വിമര്‍ശനമാണ് സമരക്കാര്‍ക്കും സര്‍ക്കാരിനും പോലീസിനുമെതിരെ കോടതിയില്‍ ഉന്നയിച്ചത്. വിഴിഞ്ഞത്തേത് ക്രമസമാധാന പ്രശ്‌നമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. സര്‍ക്കാരിനും കോടതിക്കും പോലീസിനുമെതിരെ
യുദ്ധമാണ് നടക്കുന്നത്. സമരക്കാര്‍ അഴിഞ്ഞാടിയെങ്കിലും പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലന്ന് അദാനി ഗ്രൂപ്പ് വാദിച്ചു. പോലീസ് നിഷ്‌ക്രിയമായിരുന്നു. കോടതി നിര്‍ദ്ദേശിച്ച പ്രകാരം നിര്‍മ്മാണ സാമഗ്രികളുമായി ലോറികള്‍ എത്തിയപ്പോഴും സമരക്കാര്‍ തടഞ്ഞു. അക്രമാസക്തരായ സമരക്കാര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.

എന്നാല്‍, സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും 5000 പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 40 പോലീസുകാര്‍ക്ക് പരുക്കേറ്റതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മൂവായിരത്തോളും സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ വളയുകയായിരുന്നു. സമരക്കാര്‍ അക്രമാസക്തരായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന്, എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി ആരാഞ്ഞു. കേസ് എടുത്തതായും നഷ്ടപരിഹാരം സമരക്കാരില്‍ നിന്നും ഈടാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here