ADVERTISEMENT
ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച മങ്കിപോക്‌സ് രോഗത്തിന്റെ പേരില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മങ്കി പോക്‌സ് ഇനി എംപോക്‌സ് എന്ന് അറിയപ്പെടും. രോഗത്തിന് മങ്കിപോക്‌സ് എന്ന പേര് ഉപയോഗിച്ചതില്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മങ്കിപോക്സ് എന്ന പേരുമാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ലോകാരോഗ്യസംഘടന ആരംഭിച്ചിരുന്നു.
മങ്കി പോക്‌സ് എന്ന പേരിന് പിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് വാദങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയം പരിഗണനയിലെടുത്ത ലോകാരോഗ്യ സംഘടന പേരില്‍ മാറ്റം വരുത്താനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് മങ്കിപോക്‌സിനെ എംപോക്‌സ് എന്ന് പേരുമാറ്റിയ വിവരം തിങ്കളാഴ്ച്ച പരസ്യപ്പെടുത്തിയത്.
മങ്കിപോക്‌സ് എന്ന പേര് കറുത്തവര്‍ഗക്കാരെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നു എന്നും കുരങ്ങുകള്‍ മാത്രമാണ് രോഗത്തിന് കാരണക്കാര്‍ എന്ന തെറ്റിദ്ധാരണയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ട് കാരണങ്ങളാണ് പ്രധാനമായും കാലങ്ങളോളം പഴക്കമുള്ള രോഗത്തിന്റെ പേര് മാറ്റാന്‍ പ്രേരണയായതെന്ന് ലോകാരോഗ്യ സംഘടന വിശദമാക്കുന്നു. ആഗോള തലത്തിലെ വിദഗ്ധരുമായുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് എംപോക്‌സ് എന്നത് മങ്കിപോക്‌സിന് പകരമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. വരും വര്‍ഷം കൂടി ഇരുപേരുകളും ഉപയോഗിക്കും. ശേഷം ഘട്ടംഘട്ടമായി എംപോക്‌സ് എന്ന പേരുമാത്രമാക്കി മാറ്റുകയും ചെയ്യാനാണ് തീരുമാനം.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്‌സ് പകരാം. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. 2022 മേയ് മുതലുള്ള കണക്കെടുത്താല്‍ മാത്രം 80,000ത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.