ലൂസൈലില്‍ പോര്‍ച്ചുഗലിന്റെ ജയം കണ്ട് താമസസ്ഥലമായ നജ്മയ്ക്കടുത്തുള്ള മുഗുളിനയില്‍ മെട്രോ ഇറങ്ങുമ്പോള്‍ ഖത്തര്‍ സമയം പുലര്‍ച്ചെ രണ്ടു മണി. മുഗുളിന മെട്രോയില്‍ നിന്ന് നജ്മയിലേക്ക് രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട്. അറുക്കുന്ന ചാര്‍ജ് ആണെങ്കിലും ടാക്‌സി വിളിക്കാമെന്നു കരുതിയാണ് എത്തിയത്. പക്ഷേ ഭാഗ്യം കൊണ്ട് ഒറ്റ വണ്ടി പോലും കിട്ടിയില്ല. അര്‍ദ്ധരാത്രി കഴിഞ്ഞ സമയമായതുകൊണ്ടാവാം മെട്രോ കണക്ട് ബസ്സും കാണാനില്ല.
ഇനിയിപ്പോ നടപ്പ് തന്നെ ശരണം. അടുത്ത് കണ്ട ഷോപ്പില്‍ നിന്ന് ഒരു ബര്‍ഗറും വാങ്ങി കഴിച്ചു കൊണ്ട് നടക്കാന്‍ തുടങ്ങി. കഷ്ടി ഒരു 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും പുറകില്‍ നിന്ന് ഇംഗ്ലീഷും ഹിന്ദിയും കൂട്ടി കലര്‍ത്തി ഒരു വിളി ഭയ്യാ നിങ്ങള്‍ എവിടെ പോകുന്നു. നോക്കുമ്പോള്‍ ഡെലിവറി ബോയുടെ കുപ്പായം ഒക്കെ ഇട്ട് ഒരാള്‍. നജ്മയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ഞാനുമുണ്ടെന്ന് പറഞ്ഞ് പുള്ളി കൂടെ കൂടി. ചെറിയൊരു പേടി തോന്നിയെങ്കിലും ഒറ്റയ്ക്ക് പോകണ്ടല്ലോ എന്ന് വിചാരിച്ച് മൂപ്പരെയും കൂടെ കൂട്ടി. ആശാന്‍ തന്നെ ആദ്യം പരിചയപ്പെടുത്തി. എന്റെ പേര് അലി സ്വദേശം പാക്കിസ്ഥാനിലെ പെഷവാര്‍. പാക്കിസ്ഥാന്‍ എന്ന് കേട്ടപ്പോള്‍ ഉള്ള് ഒന്ന് കാളി. എന്തിനാടാ ഞങ്ങടെ കാര്‍ഗില്‍ കയറി വെടിവച്ചത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു പിന്നെ വേണ്ടെന്നുവച്ചു.
ജനിച്ച നാള്‍ മുതല്‍ നീലകണ്ഠന്റെ ശത്രു എന്ന് പാടിക്കേട്ടാ ശേഖരന്‍ ആണല്ലോ കൂടെ, അതുകൊണ്ടുതന്നെ തെല്ലൊരു അകലം ഇടാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണ് എന്ന് പറഞ്ഞ് ഞാന്‍ നടപ്പിനു വേഗം കൂട്ടി. ഇന്ത്യ എന്ന് കേട്ടതോടെ അയാള്‍ ആദ്യം ചോദിച്ചത് നിങ്ങള്‍ കേരളത്തില്‍ നിന്നാണോ എന്നാണ്. നടത്തുന്ന അല്പം സ്പീഡ് കുറച്ച് ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് കേരളത്തെ അറിയാമോ. അറിയാം നിങ്ങളുടെ ഫുട്‌ബോള്‍ പ്രേമം ലോകപ്രസിദ്ധമല്ല എന്നായിരുന്നു മറുപടി.
അലിയുടെ അടുത്ത ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു. നിങ്ങള്‍ക്ക് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അറിയുമോ എന്നായിരുന്നു ആ മില്യണ്‍ ഡോളര്‍ ചോദ്യം. അറിയുക മാത്രമല്ല കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ പുള്ളി എന്നെ ആരാധനയോടെ നോക്കുന്നുണ്ടായിരുന്നു. എന്റെ ചാനലിന്റെ ചെയര്‍മാന്‍ മമ്മൂട്ടി ആണെന്ന് പറഞ്ഞതോടെ പുള്ളി ആകെ അത്ഭുതത്തിലായി. ഒരു പാക്കിസ്ഥാന്‍കാരന്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞപ്പോള്‍ ഞാനും ഒന്ന് അമ്പരന്നു. മലയാളം സിനിമയൊക്കെ എങ്ങനെ അറിയും എന്ന് ചോദിച്ചു. ഇഷ്ടംപോലെ മലയാളി സുഹൃത്തുക്കളുണ്ടെന്നും, അവര്‍ വഴിയാണ് മലയാളം സിനിമകളെ അറിഞ്ഞതൊന്നും അലി മറുപടി പറഞ്ഞു. മിക്ക സിനിമകളും തിയേറ്ററില്‍ പോയി കാണാറുണ്ടെന്നും പറഞ്ഞു. രശ്മിക മന്താനയെ നേരിട്ട് കാണുകയാണ് അലിയുടെ ജീവിത ലക്ഷ്യം. അവരെപ്പോലെ നടിയെ ഇതിനുമുന്‍പ് കണ്ടിട്ടില്ലത്രേ. പറഞ്ഞുപറഞ്ഞ് താമസിക്കുന്ന സ്ഥലം എത്തി. അപ്പോഴേക്കും എന്റെ ഉള്ളിലെ ഭയവും വേര്‍തിരിവുകളും എല്ലാം അകന്നു പോയിരുന്നു. നമ്മളൊക്കെ സഹോദരങ്ങളല്ലേ ഭായ് എന്നു പറഞ്ഞ് ഒരു സെല്‍ഫിയുമെടുത്താണ് അലി എന്നെ യാത്രയാആക്കിയത്. വിദ്വേഷത്തിന്റെ അതിരുകള്‍ മായുന്ന കാലം ഉണ്ടാകട്ടെ എന്ന് ആശിച്ചു ഞാനും എന്റെ വഴിയേ നടന്നു
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.