ലോകകപ്പിൽ അർജന്റീനക്ക് ഇന്ന് ജീവൻമരണ പോരാട്ടം. അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ട് ആണ് മെസിക്കും സംഘത്തിനും എതിരാളികൾ. പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ജയം അല്ലാതെ മറ്റൊന്നും അർജന്റീനക്ക് മുന്നിലില്ല. സമനില പോലും മുന്നോട്ടുള്ള പോക്കിനെ തുലാസിലാക്കും.
മെസി ഇനിയൊരു ലോകകപ്പിൽ കളിക്കാൻ സാധ്യതയുണ്ടോ? ഉണ്ടാവില്ലെന്ന സൂചനകൾ ആ 35കാരൻ ഇതിനോടകം തന്നെ നൽകിക്കഴിഞ്ഞു. അങ്ങനെയെങ്കിൽ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശപ്പോരിൽ മെസിപ്പട ലോകകിരീടം ഏറ്റുവാങ്ങുമോ? ഇന്ന് പോളണ്ടുമായി നടക്കുന്ന മത്സരത്തിൽ ടീം അർജന്റീന ഈ ചോദ്യത്തിനുള്ള ഉത്തരം നൽകും.
ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിനാണ് ഇന്ന് ഫ്രാൻസും ടുണീഷ്യയും പരസ്പരം ഏറ്റുമുട്ടുക. ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചെങ്കിലും ടുണീഷ്യയുമായുള്ള മത്സരം ഒട്ടും എളുപ്പമായിരിക്കില്ല. മുൻ ചാമ്പ്യൻമാർ അടുത്ത ലോകകപ്പിൽ പ്രീ ക്വാർട്ടർ കടക്കില്ല എന്ന ചാമ്പ്യൻ ശാപം അവസാനിപ്പിച്ചു കൊണ്ടാണ് ഡെൻമാർക്കിനെതിരെയുള്ള ജയത്തിലൂടെ ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. രണ്ട് കളികളിൽ ഒരു ഇരട്ട ഗോളടക്കം മൂന്ന് ഗോളുകൾ നേടി ഗോൾഡൻ ബൂട്ടിലേക്ക് ചുവടുവയ്ക്കുന്ന സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ചുമലിലേറിയാണ് ഫ്രഞ്ച് പടയോട്ടം.
പരുക്കിൽ നിന്ന് മുക്തമായി കരിം ബെൻസെമയും കൂടി തിരിച്ചെത്തിയാൽ ദിദിയെ ദഷാംപ്സിന്റെ ശിഷ്യൻമാരെ തകർക്കാൻ മറ്റ് ടീമുകൾ പെടാപ്പാടു പെടേണ്ടി വരുമെന്ന് തീർച്ച. ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരുടെ കളിയാണ് ഫ്രാൻസ് പുറത്തെടുത്തത്.ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം.
മത്സരത്തിൽ ഇരട്ട ഗോൾ നേട്ടത്തോടെ ഒലിവർ ജിറൂഡ് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരന്നെ തിയറി ഹെൻറിയുടെ റെക്കോർഡിനൊപ്പം എത്തി. എന്നാൽ രണ്ടാം മത്സരത്തിൽ ഫ്രഞ്ച് പടയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. ഡാനിഷ് ഡൈനാമൈറ്റുകൾക്ക് മുൻപിൽ ഒന്നു പതറിയതിനു ശേഷമാണ് ഫ്രഞ്ച് പട മത്സരത്തിലേക്ക് തിരിച്ചെത്തിയത്. എന്തായാലും ടുണീഷ്യക്കെതിരായ മൂന്നാം മത്സരത്തിലും ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വച്ചാകില്ല മുൻ ചാമ്പ്യൻമാർ ബൂട്ട് കെട്ടുക.
കാർത്തേജ് കഴുകൻമാരുടെ പ്രി ക്വാർട്ടർ പ്രതീക്ഷ ഏറെക്കുറെ തുലാസിലായെങ്കിലും വീറുട്ട പോരാട്ടമാണ് അവർ മത്സരങ്ങളിലുട നീളം പുറത്തെടുത്തത്.യൂറോപ്യൻ കരുത്തൻമാരായ ഡെൻമാർക്കിനെതിരെയുള്ള ആദ്യ പോരാട്ടത്തിൽ മികച്ചകളിയിലുടെ സമനില പിടിച്ചെടുത്ത അവർ സോക്കറൂസിനെതിരായ രണ്ടാം മത്സരത്തിൽ മികച്ച കളിക്കോടുവിലാണ് ഒരു ഗോളിന്റെ തോൽവി വഴങ്ങിയത്.
യൂസഫ് സക്നി ക്യാപറ്റനായ ടുണീഷ്യൻ ടീമിൽ എല്ലിസ് ഷിക്കേറി , അലി അബ്ദി തുടങ്ങിയ മുൻനിര കളിക്കാരും അണി നിരക്കുന്നുണ്ട്. മുൻപ് പന്ത് തട്ടിയ അഞ്ച് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മടങ്ങേണ്ടി വന്ന ടുണീഷ്യക്ക് ഇത്തവണയും അങ്ങനെ തന്നെ സംഭവിച്ചാലും ലോകകപ്പിൽ ആഫ്രിക്ക നടത്തിയ കരുത്തുറ്റ പോരാട്ടത്തിന്റെ ഭാഗമാകാൻ ആയതിൽ അഭിമാനിക്കാം.
ഗ്രൂപ്പ് ബിയിൽ നിർണായക പോരാട്ടത്തിനാണ് ആസ്ട്രേലിയയും ഡെൻമാർക്കും ഇറങ്ങുക. ഇന്ന് ജയിച്ചാൽ ആസ്ട്രേലിയക്ക് പ്രീ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാം . ഇന്ന് ജയിച്ചാൽ കങ്കാരുക്കൾക്ക് പ്രി ക്വാർട്ടർ ടിക്കറ്റ് സഞ്ചിയിലാക്കാം.ഒരു ജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ആസ്ട്രേലിയ. ആദ്യ കളിയിൽ ഫ്രാൻസിനോടേറ്റ വമ്പൻ തോൽവിയോടെയാണ് ആസ്ട്രേലിയയുടെ തുടക്കം.ഒമ്പതാം മിനിറ്റിൽ ആദ്യ ഗോൾ നേടാനായെങ്കിലും തുടർന്ന് ആ മേൽക്കോയ്മ നിലനിർത്താൻ സോക്കറൂസ് ആയില്ല.
തുടരെ തുടരെ നാല് ഗോളുകൾ സ്വന്തം വലയിലേക്ക് കയറുന്നത് നോക്കി നിൽക്കാനല്ലാതം പ്രതിരോധിക്കാൻ കങ്കാരുപ്പടയ്ക്ക് കഴിഞ്ഞില്ല.രണ്ടാം മത്സരത്തിൽ കാർത്തേജ് കഴുകൻമാരോട് ജയിക്കാനായെങ്കിലും വിജയം ഒട്ടും ആധികാരികമായിരുന്നില്ല.കളിച്ച രണ്ട് കളിയിലും ക്രെയ്ഗ് ഗുഡ്വിൻ ആണ് ടീമിന്റെ കളി മെനഞ്ഞത്.മിച്ചൽ ഡ്യൂക്കും മാത്യൂ ലക്കിയുമെല്ലാം മികച്ച കളി പുറത്തെടുത്താൽ ടീമിന് യൂറോപ്പ്യൻ കരുത്തൻമാർക്കെതിരെ ജയം സ്വന്തമാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകും.
ഡാനിഷ് ഡൈനാമേറ്റ് എന്ന വിളിപ്പേര് അന്വർത്ഥമാക്കുന്ന പ്രകടനം പുറത്തെടുക്കാൻ ഈ ലോകകപ്പിലും ഡെൻമാർക്കിനായില്ല. ടുണീഷ്യയുമായുള്ള മത്സരത്തിൽ സമനിലയായിരുന്നു ഫലം.രണ്ടാം മത്സരത്തിൽ ഫ്രാൻസിനോട് തോൽവിയും ഏറ്റു വാങ്ങേണ്ടി വന്നു. ഒരു ഗോൾ മടക്കാനായത് മാത്രമാണ് ആശ്വാസം.എറിക്സണും ക്രിസ്റ്റ്യൻസണുമാണ് ഡെൻമാർക്കിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ. 1978ൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് ഡാനിഷ് പടയുടെ ചരിത്രത്തിലെ മികച്ച പ്രകടനം. പ്രീക്വാർട്ടർ ഉറപ്പിച്ച ചാമ്പ്യൻമാരും ജയം മാത്രമിട്ട് ഡാനിഷ്ബൂ പടയും ബൂട്ട് കെട്ടുമ്പോൾ പിറക്കുക ത്രസിപ്പിക്കുന്ന മത്സരമാണെന്ന് തീർച്ച.
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ മെക്സിക്കോ സൗദി അറേബ്യയെ നേരിടുമ്പോൾ ഇരുടീമുകൾക്കും പ്രീ ക്വാർട്ടർ സാധ്യതകൾ സജീവമാണ്. അവസാന ഗ്രൂപ്പ് മത്സരത്തിനിങ്ങുമ്പോൾ ഒരു ജയവും പരാജയവുമാണ് സൗദിയുടെ അക്കൗണ്ടിലുളളത്, എന്നാൽ ഒരു സമനിലയും തോൽവിയുമായെത്തുന്ന മെക്സികോയ്ക്ക് കുതിക്കാൻ അട്ടിമറികൾ സംഭവിക്കണം.
മൂന്ന് സാധ്യതകളാണ് മെക്സിക്കോയ്ക്ക് മുൻപിലുളളത്,
ലുസൈലിൽ മെക്സിക്കോ സൗദിയെ പരാജയപ്പെടുത്തുകയും പോളണ്ട് അർജന്റീനയെ പരാജയപ്പെടുത്തുകയും ചെയ്താൽ ഏഴു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി പോളണ്ടും 4 പോയിന്റുമായി മെക്സിക്കോയും പ്രീ ക്വാർട്ടർ ബെർത്തുറപ്പിക്കും.
അർജന്റീന പോളണ്ടിനെ പരാജയപ്പെടുത്തുകയും മെക്സിക്കോ വിജയിക്കുകയും ചെയ്താൽ ആദ്യ മൂന്നു ടീമുകളും പോയിന്റ് നിലയിൽ തുല്യരാകും. ഈ സാഹചര്യത്തിൽ വലിയ മാർജിനിൽ സൗദിയെ തറപറ്റിച്ചാൽ ആദ്യ പതിനാറിലേക്ക് മെക്സിക്കോയ്ക്ക് മറ്റൊരു സാധ്യത തുറക്കും. മെക്സിക്കോ സൗദിയെ പരാജയപ്പെടുത്തുകയും പോളണ്ട് അര്ജന്റീന മത്സരം സമനിലയിൽ പിരിയുകയും ചെയ്താൽ, വലിയ മാർജിനിലുള്ള ജയം മെക്സികോയെ പ്രീ ക്വാർട്ടറിലേക്ക് നയിക്കും,
സൗദിയെ സംബന്ധിച്ചെടുത്തോളം രണ്ടു സാധ്യതകളാണുളളത്
ഒരു സമനിലയോ തോൽവിയോ പിണഞ്ഞാൽ പോളണ്ടിന്റെ വിജയത്തെ ആശ്രയിച്ചാകും സൗദിയുടെ പ്രീ ക്വാർട്ടർ സാധ്യതകൾ, എന്നാൽ മെക്സിക്കോയ്ക്കെതിരായ മികച്ച ജയം ഏഷ്യൻ കരുത്തരുടെ പ്രീ ക്വാർട്ടർ ബെർത്തുറപ്പിക്കും. ചുരുക്കത്തിൽ സൗദി മെക്സിക്കോ മത്സരത്തിന് ലുസൈൽ വേദിയാകുമ്പോഴും സ്റ്റേഡിയം 974 ലെ അര്ജന്റീന പോളണ്ട് മത്സരത്തിലേക്കാകും ഇരു ടീമുകളുടെയും ആരാധകരുടെയും കണ്ണും കാതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.