മുംബൈ ഉപനഗരമായ ഡോംബിവ്ലിയില്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള എല്ലാ പിന്തുണയും കേരളീയസമാജത്തിന് നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി രവീന്ദ്ര ചവാന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ഒരു കല്‍പ്പിത സര്‍വകലാശാല ആരംഭിക്കാന്‍ സമാജത്തിനു കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മോഡല്‍കോളേജില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരത്തിലെ മലയാളികളുടെ ഒത്തൊരുമയും അര്‍പ്പണ മനോഭാവവുമാണ് വിദ്യാഭ്യാസ മേഖലയിലെ മികച്ച നേട്ടങ്ങള്‍ക്ക് കാരണമെന്നും മന്ത്രി രവീന്ദ്ര ചവാന്‍ ചൂണ്ടിക്കാട്ടി. ഡോംബിവ്ലി കേരളീയസമാജത്തിന്റെ മുന്നേറ്റം താന്‍ നിരീക്ഷിക്കാറുണ്ടെന്നും പരിശ്രമിച്ചാല്‍ പ്രദേശത്ത് ഒരു കല്‍പ്പിത സര്‍വകലാശാല ആരംഭിക്കാന്‍ സമാജത്തിനു കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിതലത്തില്‍ ഇതിനുവേണ്ട എല്ലാ സഹായവും താന്‍ നല്‍കുമെന്നും രവീന്ദ്ര ചവാന്‍ പ്രഖ്യാപിച്ചു. സമാജത്തിന്റെ കര്‍മപദ്ധതികളിലൊന്നായ ‘ദ്രുത കര്‍മ്മ സേന’ യുടെ പ്രവര്‍ത്തന ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അടിയന്തര ഘട്ടങ്ങളില്‍ അംഗങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ 50 സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങിയ ഒരു കര്‍മ സേനക്കാണ് സമാജം ഭരണസമിതി രൂപം കൊടുത്തിരിക്കുന്നത്.
ചടങ്ങികള്‍ വിശിഷ്ടാതിഥികളായ പ്രശസ്ത തബലവിദ്വാന്‍ ഉസ്താദ് ഫസല്‍ ഖുറേഷി ,നടനും ഹാസ്യകലാകാരനും ഗായകനുമായ ജയജ് വാര്യര്‍ എന്നിവരെ മന്ത്രി ആദരിച്ചു. സമാജം പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയല്‍, ജനറല്‍ സെക്രട്ടറി രാജശേഖരന്‍, എജ്യുക്കേഷന്‍ സെക്രട്ടറി കൊണ്ടോത്ത് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. മുംബൈ മലയാളികള്‍ ചേര്‍ന്നൊരുക്കിയ ശക്തിനായര്‍ രചനയും സംവിധാനവും ചെയ്ത സംഗീത ആല്‍ബത്തിന്റെ പ്രകാശനം മന്ത്രി രവീന്ദ്ര ചവാന്‍, ഫസല്‍ ഖുറേഷി, ജയരാജ് വാരിയര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
തുടര്‍ന്ന് മുംബൈയിലെ പ്രമുഖ ഗായകരോടൊപ്പം കേരളീയ സമാജം അംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച ഗസല്‍ നിലാവ് അരങ്ങേറി. ത്യാഗരാജന്റെ നേതൃത്വത്തിലുള്ള വാദ്യ വിദ്വാന്മാര്‍ അണിനിരന്ന സംഗീത രാവില്‍ ജയരാജ് വാരിയരുടെ സാന്നിധ്യവും ആലാപനവും തിളക്കമേകി.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.