ADVERTISEMENT
എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ക്കാന്‍ നിര്‍ദ്ദേശം. തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മൂന്നുപേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ മൂന്നുപേരുടെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നു്.മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നടപടി. കെ കെ മഹേശന്റെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റെ ഉത്തരവ്. മാനസിക പീഡനവും കള്ളക്കേസില്‍ കുടുക്കിയതു മൂലവുമാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് ഭാര്യയുടെ വാദം.
വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവരാണ് ഇതിന് കാരണമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവരെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഈ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് കെ കെ മഹേശന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സിആര്‍പിസി 154 പ്രകാരം കേസെടുക്കേണ്ട സംഭവമാണിതെന്നും അതിനാല്‍ മജിസ്ട്രേറ്റ് കോടതി വീണ്ടും വാദം കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വാദം കേട്ട ശേഷമാണ് ആലപ്പുഴ കോടതിയുടെ ഉത്തരവ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.