ADVERTISEMENT
കെ.എസ്.ആർ.ടി.സി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് സർവകാല നേട്ടം. മണ്ഡലകാലം തുടങ്ങി നവംബർ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് നേടിയത്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള (17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേരാണ് ശബരിമലയിൽ എത്തിയത്.
ശബരിമല മണ്ഡലകാലം മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ-പമ്പ 171 ചെയിൻ സർവീസുകൾ, 40 തോളം കെ.എസ്.ആർ.ടി.സി അധിക സർവീസുകളും, പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തർ സംസ്ഥാന സർവീസുകൾ, ഇതോടൊപ്പം പമ്പയിൽ നിന്നും വിവിധ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ എന്നിവ നടത്തിവരുന്നു. അടുത്ത ഒരാഴ്ചയ്ക്കകം ചെന്നൈ, മധുര സർവീസുകളും ആരംഭിക്കുന്നതോടെ വരുമാന നേട്ടം സർവ്വകാല റെക്കോഡിൽ എത്തുമെന്നാണ് പ്രതീക്ഷ.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും നടത്തുന്നത്. ഇതിനായി നിലയ്ക്കലിലും, പമ്പയിലും 10 പ്രത്യേക കൗണ്ടറുകൾ വീതം തയ്യാറാക്കിയിട്ടുണ്ട്. അയ്യപ്പ സ്വാമിമാർക്ക് കൗണ്ടറിൽ നിന്നും ടിക്കറ്റ് മുൻകൂറായി വാങ്ങി യാത്ര ചെയ്യാം. പ്രായമായവർക്കും, മുതിർന്ന പൗരന്മാർക്കും, ഗ്രൂപ്പ് ടിക്കറ്റുകൾക്കുമായി പ്രത്യേകം കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്.
ചെങ്ങന്നൂർ, എരുമേലി, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നിലയ്ക്കലിലേക്ക് നടത്തുന്നുണ്ട്. നിലയ്ക്കൽ- പമ്പ എ.സി ബസുകൾക്ക് 80 രൂപയും, മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.